ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; 14 ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരുമെന്ന് കേന്ദ്രമന്ത്രി

single-img
3 May 2019

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ഗാന്ധി നഗറില്‍ നിന്നുള്ള എംഎല്‍എ അനില്‍ ബാജ്‌പേയ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സാന്നിദ്ധ്യത്തിലാണ് അനില്‍ ബാജ്‌പേയി ബിജെപി അംഗത്വം സ്വീകരിച്ചത്. ആം ആദ്മി പാര്‍ട്ടി മികച്ച മത്സരം പ്രതീക്ഷിക്കുന്ന ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എംഎല്‍എ പാര്‍ട്ടി വിട്ടത് ആം ആദ്മി പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകും.

14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരുമെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളെ വിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന്റെ മറുപടി.

ഇതിന് തൊട്ടുപിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരില്‍ ഒരാള്‍ ബിജെപിയില്‍ ചേര്‍ന്നത്. പശ്ചിമബംഗാളില്‍ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.