നാലു മണ്ഡലങ്ങളിൽ കോടികൾ ഒഴുക്കി; മറ്റു മണ്ഡലങ്ങളെ അവഗണിച്ചു: ബിജെപിയിൽ അമർഷം പുകയുന്നു

single-img
3 May 2019

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിച്ച മണ്ഡലങ്ങളിൽ നേതൃത്വം അതും വിവേചനം കാണിച്ചുവെന്ന് പരാതി. നാലുമണ്ഡലങ്ങളിൽ കോടികൾ ഒഴുക്കിയപ്പോൾ, ബാക്കിയുള്ളവയോട് പാർട്ടി കേന്ദ്രനേതൃത്വം തികഞ്ഞ അവഗണന കാട്ടിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് അവലോകനത്തിന് ചേർന്ന ബി.ജെ.പി. നേതൃയോഗത്തിലാണ് ഇക്കാര്യങ്ങൾ ചർച്ചയായത്.

കേന്ദ്രത്തിന്റെ ശ്രദ്ധമുഴുവൻ തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട് മണ്ഡലങ്ങളിൽ ഒതുങ്ങി. ബാക്കി മണ്ഡലങ്ങളിലുള്ള സ്ഥാനാർഥികളോട് പണം മണ്ഡലത്തിൽനിന്ന് കണ്ടെത്തണമെന്ന നിലപാടായിരുന്നുവെന്നാണ് പരാതി.

സംസ്ഥാനത്തിന്റെ ചുമതലയുള്ള അഖിലേന്ത്യ സഹ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിനെതിരേയായിരുന്നു യോഗത്തിൽ പ്രതിഷേധമുയർന്നത്. നാലുമണ്ഡലങ്ങളിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ കാരണം ചിലർ കേന്ദ്രനേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണെന്നാണ് പരാതി. ഏകപക്ഷീയമായ നിലപാടുകളെടുക്കുന്ന അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി മുതിർന്ന നേതാക്കൾ കേന്ദ്രത്തെ സമീപിക്കുകയാണ്.

കൊല്ലത്തെ സ്ഥാനാർഥിയായ കെവി സാബുവിനെ ആക്ഷേപിക്കുന്ന പരാമർശങ്ങൾ ആദ്യഘട്ടത്തിൽ ഉണ്ടായപ്പോൾ പ്രതിരോധിക്കാൻ സാധിച്ചില്ല. സാമൂഹികമാധ്യമങ്ങൾക്ക് പണം നൽകി പാർട്ടിയിലെ ഒരുവിഭാഗം വാർത്ത കൊടുപ്പിക്കുകയായിരുന്നുവെന്നായിരുന്നു പരാതി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും സാമൂഹികമാധ്യമങ്ങളുടെ ആക്രമണത്തിന് ഇരയായി. പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻ പിള്ള മത്സരിക്കാതിരിക്കാൻ അദ്ദേഹത്തിനെതിരേ സാമൂഹികമാധ്യമങ്ങളിലുടെ അപമാനിക്കുന്ന വിധത്തിൽ ഇടപെടലുകളുണ്ടായി. എം.ടി. രമേശിനെതിരേയും നീക്കങ്ങൾ നടന്നുവെന്നും യോഗത്തിൽ വിമർശനമുയർന്നു.