ബിജെപി ചതിച്ചു; തുഷാറിന് വോട്ടുകുറഞ്ഞാൽ ഉത്തരവാദിത്വം ബിജെപിക്ക്: ബിഡിജെഎസ്

single-img
3 May 2019

വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ചൊല്ലി ബിജെപി ബിഡിജെഎസ് പോര്. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ ബിജെപി നേതാക്കള്‍ വിട്ടുനിന്നെന്ന് ആരോപണവുമായി ബിഡിജെഎസ് നേതാക്കള്‍ രംഗത്തെത്തി.

ബിജെപി നേതാക്കൾ വിട്ടുനിന്നത് വോട്ടെടുപ്പ് ദിവസത്തിലടക്കം പ്രകടമായെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍ കെ ഷാജി  പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമ്പോള്‍ യോജിച്ച പ്രവര്‍ത്തനം ഉണ്ടാകുമെന്ന് ദേശീയ നേതാക്കള്‍ ബിഡിജെഎസ് നേതത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും ഷാജി ആരോപിച്ചു.

മണ്ഡലത്തിലെത്തുമെന്ന് പറഞ്ഞ ദേശീയ നേതാക്കളെത്താത്തതും ദോഷം ചെയ്‌തെന്നും ഷാജി പറഞ്ഞു. വയനാട് മണ്ഡലത്തില്‍ എന്‍ഡിഎ സംവിധാനം പൂര്‍ണ പരാജയമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വോട്ട് കുറഞ്ഞാല്‍ പൂര്‍ണ ഉത്തരവാദിത്തം ബിജെപി നേതാക്കള്‍ക്കായിരിക്കും. സ്ഥാനാര്‍ഥിയുടെ ചിഹ്നം താമര അല്ലാത്തതുകൊണ്ടുതന്നെ ചിഹ്നം വോട്ടര്‍മാരില്‍ നല്ല രീതിയില്‍ പരിചയപ്പെടുത്തേണ്ടതായിരുന്നു. ഇക്കാര്യം തുടക്കം മുതല്‍ തന്നെ എന്‍ഡിഎ യോഗങ്ങളിലും ബിജെപി നേതാക്കളോടും  ആവശ്യപ്പെട്ടുവെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്നും ഷാജി ചൂണ്ടിക്കാട്ടി.

അമിത് ഷാ ഉള്‍പ്പെടെ പരമാവധി ദേശീയ നേതാക്കളെ മണ്ഡലത്തില്‍ എത്തിക്കാനായിരുന്നു തുടക്കത്തിലുണ്ടാക്കിയ തീരുമാനം. അതുണ്ടായില്ല. സ്മൃതി ഇറാനി റോഡ് ഷോയില്‍ പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയെങ്കിലും അവരും തിരിഞ്ഞുനോക്കിയില്ല.  സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ നിര്‍മല സീതാരാമനെ കൊണ്ടുവന്നുവെന്നു മാത്രം’– ഷാജി പറഞ്ഞു.