‘ബ്രാഡ്മാനില്‍ ജെയിംസ് ബോണ്ടിനുണ്ടായ കുഞ്ഞെന്നാണ് ഗംഭീറിന്റെ വിചാരം’: തുറന്നടിച്ച് ഷാഹിദ് അഫ്രീദി

single-img
3 May 2019

അഫ്രീദിയും ഗംഭീറും തമ്മിലുള്ള കളിക്കളത്തിലെ ശത്രുത നേരത്തേ പ്രസിദ്ധമാണ്. കാണ്‍പൂരില്‍ 2007ല്‍ നടന്ന ഇന്ത്യ പാകിസ്താന്‍ ഏകദിനത്തിനിടെയാണ് ഗംഭീര്‍ അഫ്രീദി ശത്രുതയുടെ തുടക്കം. എന്നാല്‍ കളിക്കളത്തില്‍ തീരുന്നതല്ല ആ ശത്രുതയെന്നാണ് ‘ഗെയിം ചെയ്ഞ്ചര്‍’ എന്ന തന്റെ ആത്മകഥയിലൂടെ അഫ്രീദി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ചില ശത്രുതകള്‍ തികച്ചും പ്രൊഫഷണലാണ്. എന്നാല്‍ മറ്റു ചിലതാകട്ടെ വ്യക്തിപരവും.

അത്തരത്തിലുള്ള ഒന്നാണ് ഗംഭീറുമായുള്ളത്. ഗംഭീര്‍ കാര്യങ്ങളെ നോക്കിക്കാണുന്ന രീതി ശരിയല്ല, സ്വന്തമായി വ്യക്തിത്വമില്ലാത്തയാളാണ് അയാള്‍. പ്രത്യേകിച്ച് റെക്കോഡുകളൊന്നും നേടാനായിട്ടില്ലെങ്കിലും കുപ്രസിദ്ധി നിരവധിയുണ്ട്’ എന്നിങ്ങനെ പോകുന്നു അഫ്രീദിയുടെ ആരോപണങ്ങള്‍.

‘ഡോണ്‍ ബ്രാഡ്മാന് ജെയിംസ് ബോണ്ടിലുണ്ടായ കുഞ്ഞെന്ന പോലെയാണ് പലപ്പോഴും ഗംഭീറിന്റെ പെരുമാറ്റം. സന്തോഷത്തോടെയുള്ള പോസിറ്റീവ് ചിന്താഗതിയുള്ള മനുഷ്യരെയാണ് എനിക്കിഷ്ടം. അവര്‍ പോരാട്ടവീര്യമുള്ളവരാണോ അത് പ്രകടിപ്പിക്കുന്നവരാണോ എന്നത് ഒരു പ്രശ്‌നമല്ല. പക്ഷേ നിങ്ങള്‍ക്ക് പോസിറ്റീവ് മനോഭാവം വേണം. ഗംഭീറിന് അതില്ല’ അഫ്രീദി ഗംഭീറിനെക്കുറിച്ച് എഴുതുന്നു.