37 പന്തില്‍ സെഞ്ചുറിയടിച്ചത് പതിനാറുകാരന്‍ അഫ്രീദിയല്ല; അത് കള്ളമാണ്: ആരാധകരെ ഞെട്ടിച്ച് അഫ്രീദി

single-img
3 May 2019

തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ 37 പന്തുകളില്‍ സെഞ്ചുറി നേടുമ്പോള്‍ തനിക്ക് 16 വയസ്സ് ആയിരുന്നില്ലെന്ന് പാക് താരം ഷാഹിദ് അഫ്രീദി. ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചറി’ലാണ് അഫ്രീദിയുടെ തുറന്നുപറച്ചില്‍. ഇതോടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രതിക്കൂട്ടിലായിരിക്കുകയാണ്.

അഫ്രീദി ജനിച്ചത് 1975ലാണ്. എന്നാല്‍ ഔദ്യോഗിക രേഖകളില്‍ ജനിച്ച വര്‍ഷം 1980 ആണ്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ രേഖകളിലും അഫ്രീദി ജനിച്ചത് 1980ല്‍ ആണെന്നാണ്. ഇത് മറ്റുള്ളവരും പിന്തുടരുകയായിരുന്നു.

‘എനിക്ക് അന്ന് 19 വയസ്സായിരുന്നു. പാക് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നതുപോലെ 16 വയസ്സ് ആയിരുന്നില്ല. ഞാന്‍ ജനിച്ചത് 1975ലാണ്. പക്ഷേ ഔദ്യോഗിക രേഖകളില്‍ എന്റെ ജനന വര്‍ഷം തെറ്റായി രേഖപ്പെടുത്തുകയായിരുന്നു’ അഫ്രീദി ആത്മകഥയില്‍ പറയുന്നു.

അതേസമയം, 1975ല്‍ ആണു ജനിച്ചതെങ്കില്‍ 1996ല്‍ അഫ്രീദിക്ക് 21 വയസ്സുണ്ടാകുമായിരുന്നു. പുസ്തകത്തില്‍ 19 എന്നാണ് എഴുതിയിരിക്കുന്നത്. ഇതോടെ അണ്ടര്‍19 ടീമില്‍ അഫ്രീദി കളിച്ചതും പാക് ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിരോധത്തിലാക്കും. ആത്മകഥയില്‍ പറയുന്നത് അനുസരിച്ച് ആ സമയങ്ങളിലും അഫ്രീദിയുടെ വയസ്സ് 19ന് മുകളിലായിരുന്നു.

2016 ട്വന്റി20 ലോകകപ്പിനു ശേഷമാണ് അഫ്രീദി കളിയില്‍നിന്നു വിരമിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ 27 ടെസ്റ്റുകളും 398 ഏകദിനങ്ങളും 99 ട്വന്റി20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്.