അത് യെതിയുടേതല്ല: ഇന്ത്യന്‍ സൈന്യം കണ്ടെത്തിയ കാല്‍പാടുകള്‍ കാട്ടു കരടിയുടേതെന്ന് നേപ്പാള്‍ സൈന്യം

single-img
2 May 2019

നേപ്പാള്‍ അതിര്‍ത്തിയിലെ മകാലു ബേസ് ക്യാംപിന് സമീപം യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തലിനെ തള്ളി നേപ്പാള്‍. ഇത് യതിയുടേതല്ലെന്നും മറിച്ച് കരടിയുടേതാണെന്നും നേപ്പാള്‍ സൈന്യം ഇന്ത്യന്‍ സൈന്യത്തോട് പറഞ്ഞു. പൗരാണിക കഥകളില്‍ പറയുന്ന മഞ്ഞുമനുഷ്യന്‍ ‘യതി’യുടെ കാല്‍പ്പാടുകള്‍ ഏപ്രില്‍ ഒന്‍പതിന് കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പര്‍വത നിരീക്ഷക സംഘം ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ കുറിച്ചത്.

എന്നാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കൂടെയുണ്ടായിരുന്ന സഹായികളും ഇക്കാര്യം തള്ളിക്കളഞ്ഞു. ‘ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു സംഘം കാല്‍പാടുകള്‍ കണ്ടെത്തിയെന്നും പറഞ്ഞിരുന്നു, ഞങ്ങളുടെ ലിയേസണ്‍ (വിവിധ സേനാനികളുടെ കീഴിലുള്ള സൈന്യങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ഉദ്യോഗസ്ഥര്‍) സംഘവും അവരുടെ കൂടെയുണ്ടായിരുന്നു’- നേപ്പാള്‍ ആര്‍മി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ബിഗ്യാന്‍ ദേവ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങള്‍ സംഭവത്തിന്റെ വസ്തുത അന്വേഷിച്ചു. എന്നാല്‍ പ്രദേശത്തെ ജോലിക്കാര്‍ പറയുന്നത് അവിടെ അടിക്കടി പ്രത്യക്ഷപ്പെടുന്ന കാട്ടുകരടിയുടെ കാല്‍പാദങ്ങളാണിവയെന്നാണ്’- അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ഭീകരനായ മഞ്ഞു മനുഷ്യനായി യെതി കഥകളില്‍ പ്രത്യക്ഷപ്പെടുന്നത് 1920കളിലാണ്. ഹിമാലയന്‍ ഭാഗങ്ങളില്‍ അലഞ്ഞു തിരിയുന്ന, എന്നാല്‍ ആര്‍ക്കും പിടികൊടുക്കാത്ത ജീവിയായാണ് കഥകളില്‍ ഇത് അവതരിക്കപ്പെട്ടത്. യെതി യഥാര്‍ത്ഥ ജീവിയാണെന്നതിന് ശാസ്ത്രീയമായ യാതൊരു തെളിവുമില്ല. ഇത് ചൂണ്ടിക്കാട്ടി നിരവധി പേര്‍ ചിത്രം പുറത്തു വിട്ട ഇന്ത്യന്‍ സൈന്യത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.