മുറിവുകളേറ്റ് പിടഞ്ഞു; പീഡനമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകി; പിന്നീടാണ് ഞാനും അവളും അയാളുടെ ഇരകളെന്ന് അറിഞ്ഞത്: അമ്പരപ്പിച്ച് യുവതിയുടെ കുറിപ്പ്

single-img
2 May 2019

കഴിഞ്ഞ വര്‍ഷം മീ ടൂ മൂവ്‌മെന്റ് ഇന്ത്യയില്‍ വേരുപിടിച്ച് തുടങ്ങിയ സമയത്ത് തനിക്ക് നേരിട്ട അനുഭവം തുറന്ന് പറഞ്ഞ് ശ്രദ്ധേയയായതാണ് ശ്രുതി ചൗധരി. കാമുകന്‍ നടത്തിയ ലൈംഗിക അതിക്രമത്തെക്കുറിച്ചായിരുന്നു അന്ന് ശ്രുതി തുറന്നു പറഞ്ഞത്. ഇപ്പോഴിതാ തന്റെ തുറന്നു പറച്ചില്‍ എങ്ങനെയാണ് പ്രതിഫലിച്ചതെന്നും പറയുന്നു. ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ശ്രുതി വീണ്ടും അനുഭവം പങ്കുവയ്ക്കുന്നത്.

പോസ്റ്റിലെ ചില പ്രസക്ത ഭാഗങ്ങള്‍

സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ ബോംബെയില്‍ എത്തിച്ചേര്‍ന്ന ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു ഞാന്‍. ഇന്‍സ്റ്റാഗ്രാമിലൂടെ തീര്‍ത്തും അപ്രതീക്ഷിതമായാണ് എനിക്കയാളുടെ മെസ്സേജ് വരുന്നത്. എന്റെ ചില എഴുത്തുകള്‍ കണ്ട് അയാള്‍ക്ക് വേണ്ടി ചിലത് എഴുതി കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു മെസ്സേജ്.

ഒരുപാട് തവണ ഞങ്ങള്‍ സംവദിച്ചു. പതിയെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ഞാന്‍ നേരിടുന്ന അരക്ഷിതാവസ്ഥകളെ കുറിച്ചും മറ്റ് ചില പ്രശ്‌നങ്ങളെ കുറിച്ചും ഞാന്‍ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. ഞങ്ങള്‍ വളരെയധികം അടുത്തു. ശാരീരികമായും. എന്നാല്‍ സ്‌കോട്ട്‌ലാന്‍ഡ് യാത്രയോടെയാണ് എല്ലാം തകിടം മറിയുന്നത്.

അന്ന് രാത്രി ഞാന്‍ പുറത്ത് പോകാന്‍ തുടങ്ങുമ്പോള്‍ അയാളെന്നെ തടഞ്ഞു. നിര്‍ബന്ധിച്ചു. എന്നാല്‍ ഞാന്‍ അതിന് തയ്യാറെടുത്തിരുന്നില്ല. എന്നാല്‍ എന്റെ അനിഷ്ടം തിരിച്ചറിഞ്ഞതോടെ അയാളുടെ ഭാവം മാറി. എന്നോട് പരുഷമായി പെരുമാറി. പലപ്പോഴും എന്നോട് മിണ്ടിയതുപോലുമില്ല. എന്താണെന്നറിയില്ല. എനിക്ക് പിന്നീട് കുറ്റബോധമായി.

ഒപ്പം കിടക്കാന്‍ അയാളെ അനുവദിക്കാത്തതില്‍ പിന്നീടെനിക്ക് പശ്ചാത്താപം തോന്നി. അങ്ങനെ ഞാന്‍ അതിനനുവദിച്ചു. എന്നാല്‍ അത് വഷളായി. എന്നോട് നിര്‍ദയമായാണ് അയാള്‍ പെരുമാറിയത്. ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവുകളേറ്റു. എന്നെ കടിക്കാന്‍ വരെ തുടങ്ങി. ഞാന്‍ വളരെയധികം വേദനയിലായിരുന്നു. അതിനിടക്ക് കോണ്ടം ധരിക്കാന്‍ വരെ അയാള്‍ വിസ്സമ്മതിച്ചു. എന്നാല്‍ അത് ഒരു തരം പീഡനമാണെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.

അങ്ങനെ ഇന്‍സ്റ്റാഗ്രാമില്‍ ഞാന്‍ എന്റെ കഥ കുറിച്ചു. എന്നിട്ട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെച്ചു. ആ കഥ വൈറലായ വിവരം ഫോണ്‍ ഓണാക്കിയപ്പോഴാണ് ഞാന്‍ അറിയുന്നത്. ഞാന്‍ വിചാരിച്ചതിനപ്പുറമുള്ള കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി വരെ അയാളുടെ പീഡനത്തിനിരയായിരുന്നു എന്ന് എനിക്ക് ബോധ്യമായി.

എന്തെങ്കിലും ചെയ്യണമെന്ന് പിന്നീടെനിക്ക് തോന്നി. അങ്ങനെയാണ് ഈ വിഷയം ഞാന്‍ ഏറ്റെടുക്കുന്നത്. ഈ അവസ്ഥയിലൂടെ ഇനി ഒരു പെണ്‍കുട്ടിയും കടന്നു പോവരുതെന്ന ഉറച്ച തീരുമാനത്തില്‍ ഞങ്ങളെല്ലാം പോരാടി. അയാളുടെ യഥാര്‍ഥ മുഖം എല്ലാവരും കണ്ടു. അയാള്‍ക്കെതിരേ നടപടിയുണ്ടായി.

എന്റെ കഥ ഇന്ന് മറ്റുള്ളവര്‍ക്ക് തിരികെ പോരാടാന്‍ പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളൊരിക്കലും ഒറ്റയ്ക്കല്ലെന്ന് തിരിച്ചറിയണം. നിങ്ങളനുഭവിക്കുന്ന അരേ ദുരിതങ്ങള്‍ അനുഭവിക്കുന്ന മറ്റുള്ളവരും ഉണ്ടാകാം’ എന്ന് പറഞ്ഞാണ് ശ്രുതി പോസ്റ്റ് അവസാനിപ്പിക്കുന്നത്.