റിമിടോമിയും ഭര്‍ത്താവും പിരിയുന്നു; വിവാഹ മോചനത്തിന് ഹര്‍ജി നല്‍കി

single-img
2 May 2019

ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു. ഏപ്രില്‍ 16ന് എറണാകുളം കുടുംബകോടതിയില്‍ ഇരുവരും ഹര്‍ജി ഫയല്‍ ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരസ്പര സമ്മതത്തോടെയാണ് ഹര്‍ജി.

ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തെ റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും കോടതിയില്‍ ഹാജരായിരുന്നു.

ഇരുവര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റി. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. 11 വര്‍ഷത്തെ വിവാഹജീവിതം വേണ്ടെന്ന് വച്ച വിവരം അധികം ആരെയും ഇവര്‍ അറിയിച്ചിരുന്നില്ല.

മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് കുടുംബകോടതിയില്‍ ഹര്‍ജി ഇവര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇവര്‍ ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ‘ചിങ്ങമാസം വന്നുചേര്‍ന്നാല്‍’ എന്നതാണ് ആദ്യത്തെ ഗാനം.

മീശമാധവന്‍, വലത്തോട്ടുതിരിഞ്ഞാല്‍ നാലാമത്തെ വീട്, ഫ്രീഡം, ചതിക്കാത്ത ചന്തു, കല്യാണക്കുറിമാനം, പട്ടണത്തില്‍ സുന്ദരന്‍, ഉദയനാണ് താരം, ബസ് കണ്ടക്ടര്‍, ബല്‍റാം V/s താരാദാസ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ ചിത്രങ്ങളില്‍ റിമി പാടിയിട്ടുണ്ട്. ഇതിന് പുറമെ, അഞ്ച് സുന്ദരികള്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ എന്നീ ചിത്രങ്ങളില്‍ റിമി വേഷമിട്ടിട്ടുമുണ്ട്.