ഇന്ദിരയെ 71-ലെ യുദ്ധത്തിന്റെ പേരിൽ വാഴ്ത്താമെങ്കിൽ എന്തുകൊണ്ട് മോദിയെ ബാലക്കോട്ട് ആക്രമണത്തിന്റെ പേരിൽ പുകഴ്ത്തിക്കൂടാ? രാജ്നാഥ് സിംഗ്

single-img
2 May 2019

1971-ൽ പാകിസ്താനെ പിളർത്തിയതിന് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പുകഴ്ത്താമെങ്കിൽ ബാലക്കോട്ടിലെ വ്യോമാക്രമണത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതിൽ എന്താണ് കുഴപ്പമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്.

“1971-ൽ പാകിസ്താനെ പിളർത്തിയതിന്റെ പേരിൽ ഇന്ദിരാഗാന്ധിയെ എല്ലാവരും വാഴ്ത്തി. അടൽ ബിഹാരി വാജ്പേയി പാർലമെന്റിൽ അവരുടെ മികവിനെ പ്രശംസിച്ചു. 1971 പാകിസ്താനെ പിളർത്തി ബംഗ്ലാദേശ് ഉണ്ടാക്കിയതിനു എല്ലാവർക്കു ഇന്ദിരാ ഗാന്ധിയെ വാഴ്ത്താമെങ്കിൽ എന്തുകൊണ്ട് ബാലക്കോട്ടിലെ വ്യോമാക്രമണത്തിന്റെ പേരിൽ നരേന്ദ്രമോദിയെ പുക്ഴ്ത്താൻ പാടില്ല എന്ന് ഞാൻ കോൺഗ്രസിനോട് ചോദിക്കുകയാണ്.” രാജ്നാഥ് സിംഗ് പറഞ്ഞു.

ഡൽഹിയിൽ ബിജെപി സ്ഥാനാർത്ഥികളായ മനോജ് തിവാരിയ്ക്കും ഗൌതം ഗംഭീറിനും വേണ്ടി നടത്തിയ സംയുക്ത തെരെഞ്ഞെടുപ്പ് പ്രചരണ റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.

പാകിസ്താനിലെ ബാലക്കോട്ടിലുള്ള ജയ്ഷേ മുഹമ്മദിന്റെ തീവ്രവാദ പരിശീലന ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാക്രമണത്തെ കോൺഗ്രസ് രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് രാജ്നാഥ് സിംഗ് ആരോപിച്ചു. അതിർത്തിയ്ക്കപ്പുറം കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം വളരെ വലുതാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

വ്യക്തമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാ‍നത്തിലാണ് നമ്മൾ വ്യോമാക്രമണം നടത്തിയത്. ലോകചരിത്രത്തിൽ ഇത്രയും വലിയ ഒരു തീവ്രവാദ വിരുദ്ധ ആക്രമണം ആരും നടത്തിയിട്ടുണ്ടാകില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

ജവാന്മാർ ആക്രമണം കഴിഞ്ഞ് അവിടെനിന്ന് ശവശരീരങ്ങൾ എണ്ണണമായിരുന്നോ? ധീരജവാന്മാർ ശവങ്ങൾ എണ്ണാൻ നിൽക്കാറില്ല. അത് കഴുകന്മാരാണ് ചെയ്യാറ്. ഒന്നോ രണ്ടോ പേരാണ് മരിച്ചതെങ്കിൽ എണ്ണം പറയാമായിരുന്നു. ഇത്രയും ആളുകൾ കൊല്ലപ്പെട്ടതിന്റെ എണ്ണം എങ്ങനെ പറയാനാണെന്നും രാജ്നാഥ് സിംഗ് ചോദിച്ചു.

എല്ലാ രാഷ്ട്രീയ പാർട്ടികളും മറ്റെല്ലാം മറന്ന് ജവാന്മാരോടൊപ്പം നിൽക്കേണ്ട സമയമാണിത്. എന്നാൽ നിർഭാ‍ഗ്യവശാൽ ചിലർ ഗഡ്ചിറോളി ആക്രമണത്തിന്റെ പേരിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയാണെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു.