ബിജെപിയുടെ ആരോപണങ്ങള്‍ ‘പൊളിച്ച്’ ഡല്‍ഹി ഹോളി ഫാമിലി ആശുപത്രി; രാഹുല്‍ ജനിച്ചത് 1970 ജൂണ്‍ 19, ഉച്ചയ്ക്ക് 2.28ന്; പ്രിയങ്ക ജനിച്ചതും ഇതേ ആശുപത്രിയിലെന്നു രേഖകള്‍

single-img
2 May 2019

1970 ജൂൺ 19, ഉച്ചയ്ക്ക് 2.28ന് ഡൽഹി ഹോളിഫാമിലി ആശുപത്രിയിൽ ഒരു വി.ഐ.പി കുഞ്ഞ് ജനിച്ചു. ആശുപത്രി റെക്കോഡിൽ കുഞ്ഞിന്റെ പേര് ബേബി ഓഫ് സോണിയാഗാന്ധി. അതായത് ഇന്നത്തെ രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിവാദം തുടരുന്നതിനിടെയാണ് ഡൽഹി ഹോളിഫാമിലി ആശുപത്രി രാഹുലിന്റെ ജനനവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

രാഹുലിന്റെ രേഖയിൽ മതം ഹിന്ദുവാണെന്നും ഇന്ത്യൻ പൗരനാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. രാഹുലിന്റെ ജനനസമയത്ത് അദ്ദേഹത്തെക്കാണാൻ മുത്തശ്ശിയും അന്നത്തെ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാ ഗാന്ധി എത്തിയിരുന്നതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹി അതിരൂപതയ്ക്ക് കീഴിലുള്ള ഇതേ ആശുപത്രിയിലാണ് പതിനെട്ടു മാസത്തിന് ശേഷം 1972 ജനുവരി 12ന് പ്രിയങ്കയും ജനിച്ചത്.

ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രഹ്മണ്യൻ സ്വാമി രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നാരോപിച്ച് കേന്ദ്രസർക്കാരിന് അയച്ച പരാതിയെത്തുടർന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഹുലിന് നോട്ടീസ് അയച്ചിരുന്നു. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം. രാഹുലുമായി ബന്ധമുള്ള ഒരു ബ്രിട്ടീഷ് കമ്പനിയിൽ അദ്ദേഹത്തെക്കുറിച്ചു നൽകിയിരിക്കുന്ന വിവരത്തിൽ ബ്രിട്ടീഷ് പൗരനാണെന്നാണു രേഖപ്പെടുത്തിയതെന്നായിരുന്നു സ്വാമിയുടെ ആരോപണം.

2003-ൽ ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ബാക്കോപ്സ് എന്ന കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളും സെക്രട്ടറിയും രാഹുലാണെന്നും സ്വാമി പരാതിയിൽ പറയുന്നു. അതേസമയം കോൺഗ്രസ് ‘സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപറേഷൻ ഓഫ് ബാക്കോപ്സ്’ രേഖകളും പുറത്തുവിട്ടു. ഇതിൽ രാഹുൽ ഇന്ത്യൻ പൗരനാണെന്നു വ്യക്തമാക്കുന്നുണ്ടെന്നായിരുന്നു കോൺഗ്രസിന്റെ വാദം.