കര്‍ഷക പ്രതിഷേധം ശക്തമായി; ഉരുളക്കിഴങ്ങ് കർഷകർക്കെതിരേ നല്‍കിയ കേസ് പെപ്സി പിൻവലിച്ചു

single-img
2 May 2019

തങ്ങള്‍ക്ക് ബൗദ്ധിക സ്വത്ത് അവകാശമുള്ള (ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്) ഉല്‍പ്പന്നം കൃഷി ചെയ്യുന്നത് നിയമലംഘനമാണ് എന്ന് ആരോപിച്ചുകൊണ്ട് ലെയ്സ് ചിപ്സിനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്ന പേരിൽ പെപ്സി കോ കർഷകർക്ക് എതിരായി നൽകിയ കേസ് പിൻവലിച്ചു. ഗുജറാത്തിലെ നാല് കർഷകർ ക്ക് എതിരായി നൽകിയ പരാതിയാണ് കമ്പനി പിൻവലിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു.

പ്രശ്നത്തിൽ സർക്കാരുമായി കമ്പനി നടത്തിയ ചർച്ചകളുടെ ഫലമായിയാണ് നടപടി എന്നാണ് റിപ്പോർട്ട്. എന്നാൽ, ശക്തമായ പ്രതിഷേധമാണ് പെപ്‌സിക്കെതിരെ കര്‍ഷകര്‍ ഉയര്‍ത്തിയത്. ലെയ്സ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സിപിഎമ്മിന്റെ ഓള്‍ ഇന്ത്യ കിസാന്‍ സഭ, ആര്‍എസ്എസിന്റെ ഭാരതീയ കിസാന്‍ സംഘ് തുടങ്ങിയവയെല്ലാം പെപ്‌സിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ലെയ്സ് ചിപ്‌സ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങ് (എഫ് സി 5) കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനെതിരെയാണ് പെപ്‌സി, അഹമ്മദാബാദിലെ വാണിജ്യ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. വിത്ത് തങ്ങളില്‍ നിന്ന് വാങ്ങണം എന്നും ഉരുളക്കിഴങ്ങ് തങ്ങള്‍ക്ക് തന്നെ വില്‍ക്കണം എന്നുമാണ് പെപ്‌സി ആവശ്യപ്പെടുന്നത്.

കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറായി പെപ്‌സി കോ കമ്പനി നേരത്തെ തന്ന രംഗത്തെത്തിയിരുന്നു. പെപ്‌സിയുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥയെപ്പറ്റി കര്‍ഷകരുമായി ആലോചിച്ചിട്ട് പറയാം എന്നാണ് നാല് കര്‍ഷകര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് യാഗ്നിക് കോടതിയില്‍ പറഞ്ഞത്. ഉരുളക്കിഴങ്ങ് ഉല്‍പ്പാദിക്കുന്നതിന് വാണിജ്യ കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു.