942 സ്ഫോടനങ്ങളുടെ കണക്ക് പറഞ്ഞ് മോദിയെ ‘പൊളിച്ചടുക്കി’ രാഹുല്‍

single-img
2 May 2019

2014ല്‍ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുല്‍വാമ, പത്താന്‍കോട്ട്, ഉറി, ഗഡ്ചിരോളി എന്നിവിടങ്ങളിലടക്കം 942 സ്ഥലങ്ങളില്‍ 2014 ന് ശേഷം വലിയ ബോംബ് സ്ഫോടനങ്ങളുണ്ടായെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

മോദി ചെവി തുറന്നു വെച്ച് ശ്രദ്ധിക്കണം എന്നവസാനിക്കുന്ന രാഹുലിന്റെ ട്വീറ്റില്‍ ഫാക്ട്ചെക്കര്‍ എന്ന സത്യാന്വേഷണ വെബ്സൈറ്റിലെ ആക്രമണങ്ങളുടെ വിശദ വിവരങ്ങളിലേക്ക് ലിങ്കും നല്‍കിയിട്ടുണ്ട്.

മോഹ്റ, ദന്തേവാഡ, പലാമു, ഔറംഗബാദ്, കോരാപുത്, സുക്മ തുടങ്ങി ആക്രമണങ്ങളുണ്ടായ സ്ഥലങ്ങളുടെ പേര് സഹിതം കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി.ചിദംബരവും ഈ പരാമര്‍ശത്തിനെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

നരേന്ദ്രമോദി അധികാരത്തില്‍ വന്ന് ഏഴ് മാസം തികയുന്നതിന് മുമ്പാണ് ബെംഗളുരുവില്‍ ഒരാള്‍ കൊല്ലപ്പെട്ട സ്ഫോടനമുണ്ടായത്. 2014 ഡിസംബര്‍ അഞ്ചിന് ജമ്മു കശ്മീരിലെ മോഹ്റയിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 11 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 2016 ജനുവരിയില്‍ പഞ്ചാബിലെ പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിലും നവംബറില്‍ ജമ്മു കശ്മീരിലെ നഗോതയിലെ സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തിലും ഏഴ് സൈനികര്‍ വീതം കൊല്ലപ്പെട്ടിരുന്നു.

അതേവര്‍ഷം സെപ്തംബറില്‍ ഉറിയിലെ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 17 ആണ്. 2017 ല്‍ പഞ്ചാബിലെ സുക്മയിലുണ്ടായ ആക്രമണത്തില്‍ 25 ബി.എസ്.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. 2018 മാര്‍ച്ചില്‍ സുക്മയില്‍ തന്നെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒമ്ബത് സി.ആര്‍.പി.എഫ് ജവാന്മാരും കൊല്ലപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 40 അര്‍ധസൈനികരാണ് കൊല്ലപ്പെട്ടത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കു പുറമേ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും മോദിയുടെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി രംഗത്തെത്തി. നമ്മുടെ ജവാന്‍മാര്‍ മാവോവാദി മേഖലകളിലും അതിര്‍ത്തിയിലും കൊല്ലപ്പെടുമ്‌ബോഴും ബി.ജെ.പി സൈനികരേക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് എന്ത് ദേശീയ സുരക്ഷയാണെന്ന് അഖിലേഷ് ചോദിച്ചു.

മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയില്‍ 16 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട മാവോവാദി ആക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നടന്ന റാലിയിലാണ് മോദിയുടെ വിവാദ പ്രസംഗം. ജനുവരിയില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ഇതേകാര്യം പറഞ്ഞത് വിവാദമായിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് വലിയ ബോംബ് സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു മന്ത്രി നടത്തിയ പ്രസ്താവന.