തെരഞ്ഞെടുപ്പ് ചട്ടലംഘനം: മോദിക്ക് വീണ്ടും ക്ലീന്‍ ചിറ്റ്; രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

single-img
2 May 2019

ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദിവാസികളെ വെടിവെച്ചു കൊല്ലാൻ അനുവദിക്കുന്ന നിയമം മോദി കൊണ്ടുവന്നിട്ടുണ്ട് എന്ന തരത്തിൽ മധ്യപ്രദേശിലെ ഷാദോളിൽ നടത്തിയ പ്രസംഗത്തിനെതിരെ നൽകിയ പരാതിയിലാണ് നോട്ടീസ്.

ആദിവാസികളെ വെടിവെച്ച് കൊല്ലാൻ പോലീസിനെ അനുവദിക്കുന്ന പുതിയ നിയമം നരേന്ദ്ര മോദി ഉണ്ടാക്കിയിട്ടുണ്ട്. ആദിവാസികളെ അക്രമിക്കാമെന്നാണ് നിയമം പറയുന്നത്. അവർ നിങ്ങളുടെ ഭൂമി തട്ടിയെടുത്തു. നിങ്ങളുടെ കാടും ജലവും അവരെടുത്തു. എന്നിട്ടവർ പറയുകയാണ് ആദിവാസികളെ വെടിവെച്ച് കൊല്ലണമെന്ന് , രാഹുൽ ഗാന്ധി ഏപ്രിൽ 23ന് ഷാദോളിൽ ഇത്തരത്തിൽ പ്രസംഗിച്ചുവെന്നാണ് പരാതി. പരാതിയിൽ 48 മണിക്കൂറിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ക്ലീൻ ചിറ്റ്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് കമ്മീഷൻ കണ്ടെത്തി. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് വോട്ട് നൽകണമെന്നായിരുന്നു നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ പരാമര്‍ശം.

പരാമര്‍ശം വിവാദമായതോടെ അന്വേഷണം നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനാണ് മോദിയുടെ പരാമർശം പെരുമാറ്റച്ചട്ട ലംഘനമല്ല എന്ന് കണ്ടെത്തിയിരിക്കുന്നത്. നേരത്തെയും സമാന ആരോപണങ്ങളില്‍ നരേന്ദ്ര മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഹിന്ദുക്കളെ പേടിച്ചാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയത് എന്നായിരുന്നു പരാമര്‍ശം.