പത്തനംതിട്ടയില്‍ ബിജെപി വിജയ പ്രതീക്ഷ കൈവിട്ടു ?

single-img
2 May 2019

എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിനെച്ചൊല്ലി പുതിയ വിവാദം. പത്തനംതിട്ടയില്‍ ബിജെപി വിജയ പ്രതീക്ഷ കൈവെടിഞ്ഞെന്ന വ്യാഖ്യാനമാണ് പാര്‍ട്ടി അനുഭാവികള്‍ പോലും സുരേന്ദ്രന്റെ കുറിപ്പിനു നല്‍കുന്നത്.

സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത കുറിപ്പിലെ ”യഥാര്‍ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ചതുതന്നെ അന്തിമ ഫലമാവണമെന്നു നിര്‍ബന്ധമില്ല”, ”വിജയങ്ങളില്‍ അമിതാവേശമോ പരാജയങ്ങളില്‍ നിരാശയോ പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിക്കൂടാ” തുടങ്ങിയ പരാമര്‍ശങ്ങളാണ് ആശയക്കുഴപ്പത്തിനും പുതിയ ചര്‍ച്ചയ്ക്കും വഴിതുറന്നത്.

പോസ്റ്റിന് ലഭിക്കുന്ന കമന്റുകളില്‍ നല്ലൊരു പങ്കും ഇത്തരം വ്യാഖ്യാനത്തിലേക്കാണ് സൂചന നല്‍കുന്നത്. സുരേന്ദ്രന്റേത് പരാജയം മുന്‍കൂട്ടി കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെന്ന മട്ടിലാണ് രാഷ്ട്രീയ എതിരാളികളുടെ കമന്റുകള്‍.

സുരേന്ദ്രന്റെ കുറിപ്പ് ഇങ്ങനെ:

ജയാപജയങ്ങളുടെ കണക്കുകൂട്ടലുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ ആഗ്രഹിച്ചതുതന്നെ തെരഞ്ഞെടുപ്പിന്റെ അന്തിമഫലമാവണമെന്ന് നിര്‍ബന്ധവുമില്ല. വിജയങ്ങളില്‍ അമിതാവേശമോ പരാജയങ്ങളില്‍ നിരാശയോ പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിക്കൂടാ എന്ന ഉത്തമബോധ്യമാണ് എന്നെ നയിക്കുന്നത്. 89 വോട്ടുകള്‍ക്ക് ചതിയിലൂടെ മഞ്ചേശ്വരത്ത് പരാജയപ്പെടുത്തിയപ്പോഴും ഇതേ വികാരമാണ് നയിച്ചത്. ഫലം എന്തുമാവട്ടെ ഇത്രയും വൈകാരികമായ ഒരു തെരഞ്ഞെടുപ്പനുഭവം ഇതാദ്യമാണ്. പലപ്പോഴും മനസ്സിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ പാടുപെട്ടിട്ടുണ്ട്. ക്യാമറകളില്ലായിരുന്നെങ്കില്‍ പല യോഗങ്ങളിലും പൊട്ടിക്കരഞ്ഞു പോകുമായിരുന്നു. വികാരം അടക്കാനാവാതെ പല മുതിര്‍ന്ന പ്രവര്‍ത്തകരും പാടുപെടുന്നത് എനിക്കു കാണാമായിരുന്നു. ശരിക്കും മുറിവേറ്റ ഒരു ജനതയുടെ വികാര വിസ്ഫോടനങ്ങളാണ് ഞാന്‍ പത്തനം തിട്ടയില്‍ കണ്ടത്. പത്തനം തിട്ട കേരളത്തിന്റെ ഒരു പരിഛേദം തന്നെയാണ്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും എല്ലായിടത്തും ആഞ്ഞടിച്ച ഒരേ വികാരം തന്നെ..