കളക്ഷന്‍ റെക്കോര്‍ഡുമായി കെഎസ്ആര്‍ടിസി; ഏപ്രില്‍ മാസത്തെ വരുമാനം 189.84 കോടി

single-img
2 May 2019

തിരുവനന്തപുരം: റെക്കോര്‍ഡ് വരുമാന വര്‍ധനയുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസം മാത്രം കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 189 കോടി 84 ലക്ഷം രൂപ. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎസ്ആര്‍ടിസി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തച്ചങ്കരിയെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കിയ ശേഷം ആദ്യമായാണ് കെഎസ്ആര്‍ടിസി വരുമാന വര്‍ധന നേടിയിരിക്കുന്നത്. ടോമിന്‍ ജെ തച്ചങ്കരിയെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കി എറണാകുളം പൊലീസ് കമ്മീഷണറായ എംപി ദിനേശിന് പകരം ചുമതല നല്‍കുകയായിരുന്നു.

എല്ലാ ഡിപ്പോകളിലും വരുമാന ലക്ഷ്യം നിശ്ചയിച്ചതിലൂടെയും ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ബസുകളുടെ ചുമതല വിഭജിച്ച് നല്‍കിയതോടെയും ചെയിന്‍ സര്‍വീസുകള്‍ അടക്കം മാറ്റി ഷെഡ്യൂള്‍ ചെയ്തതിലൂടെയുമാണ് ഇത്തരത്തിലൊരു വരുമാന നേട്ടം ഉണ്ടാക്കിയിരിക്കുന്നതെന്നാണ് മാനേജ്‌മെന്റ് അവകാശപ്പെടുന്നത്. പ്രത്യേക സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ തുടങ്ങുന്നതോടെ വരുമാനം കൂടുമെന്നും മാനേജ്‌മെന്റ് കണക്ക് കൂട്ടുന്നു.

189.71കോടിയായിരുന്നു ജനുവരിയിലെ വരുമാനം. ഫെബ്രുവരിയില്‍168.58 കോടിയും മാര്‍ച്ചില്‍ 183.68 കോടിയുമായിരുന്നു വരുമാനമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു. വരുംദിവസങ്ങളിലും ഇന്‍സ്‌പെക്ടര്‍മാരെ പോയിന്റ് ഡ്യൂട്ടിക്കായി നിശ്ചയിച്ചും യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഷെഡ്യൂളുകളും ബസ്സുകളും അറേഞ്ച് ചെയ്തു നല്‍കിയും ജനോപകാരപ്രദമായി സര്‍വീസുകള്‍ നടത്തുവാനുള്ള ഉള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും കെഎസ്ആര്‍ടിസി അറിയിക്കുന്നു.