കണ്ണൂര്‍ വിമാനത്താവള ഭക്ഷണശാലയില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നു; പരാതിയുമായി എയര്‍പോര്‍ട്ട് ജീവനക്കാര്‍

single-img
2 May 2019

കണ്ണൂര്‍ വിമാനത്താവളത്തിൽ ഭക്ഷണശാലയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതായി പരാതി. വിമാനത്താവളത്തിൽ ആഭ്യന്തരടെര്‍മിനലിനുള്ളിലെ ഭക്ഷണശാലയായ ലൈറ്റ് ബൈറ്റ് ഫുഡിനെതിരെയാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ തന്നെ പരാതി ഉന്നയിച്ചിരിക്കുന്നത്. തിയതി പ്രകാരം കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ വിഐപികളടക്കമുള്ള യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നതായും കുടിവെള്ളത്തിനും മറ്റുമായി ബാത്ത്‌റൂമിലെ വെള്ളം ഉപയോഗിക്കുന്നതായുമാണ് പരാതി.

രാജ്യത്തും വിദേശത്തുമടക്കമുള്ള വിമാനത്താവളങ്ങളില്‍ ഭക്ഷണശാലകളുള്ള ലൈറ്റ് ബൈറ്റ് ഫുഡിന്റെ കണ്ണൂരിലെ ശാഖയില്‍ തീര്‍ത്തും വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് ജീവനക്കാർ പറയുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നവർ ഭക്ഷണശാലയിലെ ജീവനക്കാരോടാണ് ദേഷ്യപ്പെടുന്നത്. ജീവനക്കാര്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ തന്നെ അത് വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാറില്ലെന്നാണ് അറിയുന്നത്.