ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകും; ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി

single-img
2 May 2019

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ, ആന്ധ്രാപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 19 ജില്ലകളിൽ ഫോനി ചുഴലിക്കാറ്റ് നാശം വിതച്ചേക്കാമെന്നാണ് നിഗമനം. ഇതേതുടര്‍ന്ന് 81 ട്രെയിനുകൾ റദ്ദാക്കുകയും രണ്ട് ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തു.

റദ്ദാക്കിയ ട്രെയിനുകളിൽ സീറ്റ് ബുക്ക് ചെയ്തവർ യാത്രചെയ്യാനുദ്ദേശിച്ച ദിവസത്തിന് മൂന്ന് ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കിയാൽ പണം മടക്കി നൽകുമെന്ന് റെയിൽവെ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങൾ എല്ലാ പ്രധാന റെയിൽവെ സ്റ്റേഷനുകളിലും യാത്രക്കാർക്ക് ലഭ്യമാകുന്ന തരത്തിൽ നടപടി സ്വീകരിക്കാൻ ഡിവിഷണൽ റെയിൽവെ മാനേജർമാർക്ക് നിർദേശം നൽകി.

യാത്രക്കാർക്കാവശ്യമായ സഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി റെയിൽവെ അറിയിച്ചു. സ്റ്റേഷനിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം എന്നിവ റെയിൽവെയുടെ ഭക്ഷണശാലകളിൽ ലഭ്യമാക്കും. ടിക്കറ്റ് ക്യാൻസൽ ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആവശ്യമായ മറ്റ് ഗതാഗതസൗകര്യങ്ങളും റെയിൽവെ ഒരുക്കിയിട്ടുണ്ട്.