സിനിമയിലെ രംഗം അനുകരിച്ച് കാട്ടാനയെ ഉമ്മ വെയ്ക്കാന്‍ പോയ യുവാവിനെ ആന ചുഴറ്റി എറിഞ്ഞു

single-img
2 May 2019

ബെംഗളൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള മേലൂര്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന പ്രദേശങ്ങളിലൊന്നാണ് മേലുരുള്ള ഡോഡി ഗ്രാമം. കഴിഞ്ഞദിവസം വനംവകുപ്പ് നാട്ടിലറങ്ങിയ ആറ് കാട്ടാനകളെ വനത്തിലേക്ക് തിരികെ ഓടിക്കുമ്പോഴാണ് രാജു എന്ന യുവാവ് ഇവര്‍ക്കൊപ്പം കൂടിയത്.

വനപാലകര്‍ ഒപ്പം വരരുതെന്ന് നിര്‍ദേശം നല്‍കിയെങ്കിലും രാജു കേട്ടില്ല, നിരവധി ഗ്രാമവാസികളും ആനയെ തുരത്തുന്നത് കാണാന്‍ എത്തിയിരുന്നു. ചിലര്‍ സെല്‍ഫികള്‍ എടുക്കുകയും ബഹളം കൂട്ടുകയും ചെയ്തത് കണ്ട് ആനകള്‍ പ്രകോപിതരായി ഇവര്‍ക്ക് നേരെ പാഞ്ഞു.

ജനക്കൂട്ടം പ്രാണരക്ഷാര്‍ഥം തലങ്ങും വിലങ്ങും ഓടി. ബഹളമടങ്ങി ശാന്തമായപ്പോഴാണ് രാജു കൂടെയില്ലെന്ന് വനപാലകസംഘം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുഖത്ത് പരുക്കേറ്റ നിലയില്‍ രാജുവിനെ കണ്ടെത്തി.

ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. യൂകാലിപ്റ്റസ് മരത്തിലിടിച്ച് പരുക്ക് പറ്റിയതാകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ചില ഗ്രാമവാസികള്‍ പറയുന്നത് ആനയെ കന്നഡ സിനിമയിലെ രംഗം അനുകരിച്ച് ചുംബിക്കാന്‍ പോയപ്പോള്‍ ആന ചുഴറ്റി എറിഞ്ഞ് ഉണ്ടായ അപകടമാണെന്നാണ്. താന്‍ സിനിമയിലെപോലെ ചെയ്യുമെന്ന് രാജു സുഹൃത്തുക്കളോട് വീമ്പിളക്കുകയും ചെയ്തിരുന്നു.