നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് ആവശ്യപ്പെടുന്ന ദിലീപിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

single-img
2 May 2019

നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മെമ്മറികാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇന്നലെ പറഞ്ഞെങ്കിലും സംസ്ഥാനസര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ തീര്‍പ്പായാല്‍ മാത്രമേ ദിലീപിന് കുറ്റപത്രം കൈമാറാന്‍ കഴിയുകയുളളുവെന്നാണ് സര്‍ക്കാര്‍ നിലപാട്. മെമ്മറി കാര്‍ഡ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്‍റെ വാദം.

കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും ദിലീപിന്‍റെ ഹർജിയിൽ പറയുന്നു. ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജീത റോത്തഗി ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ദിലീപിന്‍റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്‍റെ ആവശ്യമെന്ന് കാണിച്ചാണ് ഹർജി തള്ളിയത്.

നിലവിൽ സുപ്രീംകോടതിയുടെ തിരുമാനമുണ്ടാകും വരെ കുറ്റം ചുമത്തില്ല എന്ന നിലപാട് പ്രോസിക്യുഷൻ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന സർക്കാർ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിക്കും. അടിയന്തിരമായി ഹർജ്ജിയിൽ ഉത്തരവ് പുറപ്പെടുവിക്കണം എന്ന അഭ്യർത്ഥനയാകും നടത്തുക. ഹർജ്ജിയും അപേക്ഷയും കേസ് നീട്ടിക്കൊണ്ട് പോകാനുള്ള ദിലീപിന്റെ തന്ത്രമാണെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇക്കാര്യവും സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കും.