വാടക വീട്ടില്‍ കൌതുകത്തിനായി പരിപാലിച്ച് വളർത്തിയത് കഞ്ചാവ് ചെടി; എറണാകുളത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

single-img
2 May 2019

കിഴക്കമ്പലം: വാടക വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ടൗണിലുള്ള സ്വകാര്യവ്യക്തിയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ പിടിയിലായത്. ഏകദേശം അഞ്ച് മാസം പ്രായമായ ആറടി ഉയരമുള്ള സാമാന്യം വലിയ കഞ്ചാവ് ചെടിയാണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കണ്ടെടുത്തത്.

ബീഹാർ സ്വദേശികളായ ബലായി താക്കൂർ, രാജീവ് താക്കൂർ എന്നിവരാണ് അറസ്റ്റിലായത്. കിഴക്കമ്പലത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തിലാണ്‌ ഇരുവരും ജോലി ചെയ്യുന്നത്. ഇവര്‍ വളര്‍ത്തിയിരുന്ന കഞ്ചാവ് ചെടി പാകമായി പൂക്കാറായ അവസ്ഥയിലായിരുന്നു. അവധിക്ക് നാട്ടിൽ പോയപ്പോൾ ലഭിച്ച കഞ്ചാവ് വിത്ത് കൗതുകത്തിനായി പാകി മുളപ്പിച്ച് പരിപാലിച്ച് വളർത്തിയതാണെന്നാണ് ഇവർ എക്സൈസിന് മൊഴി നൽകിയത്. രണ്ടുപേരെയും കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി റിമാന്റ് ചെയ്തു.