ഫോനി ചുഴലിക്കാറ്റ്; 14 ജില്ലകളില്‍ നിന്നായി എട്ടുലക്ഷം പേരെ ഒഴിപ്പിക്കും

single-img
2 May 2019

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡീഷയില്‍ കൂട്ട ഒഴിപ്പിക്കല്‍. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി എട്ടുലക്ഷം പേരെയാണ് ഒഴിപ്പിക്കുന്നത്. പത്തുലക്ഷം പേരെ പാര്‍പ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീന് പട്‌നായിക് അറിയിച്ചു.

ഒഡീഷ തീരത്തുനിന്നു 450 കിലോമീറ്റര്‍ ദൂരെയാണ് ഇപ്പോള്‍ ഫോനിയെന്ന് ഇന്ത്യന്‍ മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു. 5 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഫോനി തീരത്തോട് അടുക്കുമ്പോള്‍ 200 കിലോമീറ്റര്‍ വേഗത്തിലാകും. ഡല്‍ഹിയില്‍ ദേശീയക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി ചേര്‍ന്ന് നടപടികള്‍ വിലയിരുത്തി. സ്ഥിതി നേരിടാന്‍ ദേശീയദുരന്തനിവാരണ സേനയും സൈനികവിഭാഗങ്ങളും സജ്ജമാണ്.

മുന്‍കരുതല്‍ നടപടികള്‍ സുഗമമാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ 11 ജില്ലകൡ പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കി. വോട്ടെടുപ്പു പൂര്‍ത്തിയായ ഒഡീഷയിലെ രണ്ടു ജില്ലകളിലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അടിയന്തരമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

900 അഭയകേന്ദ്രങ്ങള്‍ തുറന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. 5 ജില്ലകളില്‍ കനത്ത നാശമുണ്ടാകാന്‍ സാധ്യതയുണ്ട്. തീരത്ത് ഒന്നര മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കും. തീരദേശജില്ലകളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ഇതനുസരിച്ച് ഒഡീഷയിലെ 19 ജില്ലകളില്‍ വിപുലമായ മുന്‍കരുതല്‍ നടപടികള്‍ തുടരുകയാണ്.

ഡോക്ടര്‍മാരടക്കം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കി. ബംഗാളില്‍ കൊല്‍ക്കത്തയിലും ഏഴുജില്ലകളിലും കൊടുങ്കാറ്റ് നാശം വിതയ്ക്കാന്‍ സാധ്യതയുണ്ട്. ആന്ധ്രയില്‍ ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം എന്നീ ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം. അഞ്ചാം തിയതി വരെ മത്സ്യബന്ധനം നടത്തരുതെന്നും നിര്‍ദേശമുണ്ട്.