മഹാസഖ്യത്തിന് തിരിച്ചടി; മോദിക്കെതിരെ മത്സരിക്കുന്ന തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി; വാരണാസിയില്‍ എസ്.പി–ബി.എസ്.പി സഖ്യത്തിന് സ്ഥാനാര്‍ഥി ഇല്ലാതായി

single-img
1 May 2019

ന്യൂഡല്‍ഹി: വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുന്ന മുന്‍ ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെട്ട സംസ്ഥാനകേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാവില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഇതോടെ മോദിക്കെതിരെ എസ്.പി–ബി.എസ്.പി സഖ്യത്തിന് സ്ഥാനാര്‍ഥി ഇല്ലാതായി. പത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂര്‍ സുപ്രീം കോടതിയെ സമീപിക്കും. എസ്.പി–ബി.എസ്.പി സഖ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തുണക്കുമോ എന്നതാണ് ഇനി ഉയരുന്ന ചോദ്യം. അജയ് റായ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

ആദ്യം സമര്‍പ്പിച്ച പത്രികയില്‍ താന്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്ന് തേജ് ബഹാദൂര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, രണ്ടാമതും പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇക്കാര്യം ചേര്‍ത്തിട്ടില്ലെന്നാണ് വിവരം. ഈ വൈരുധ്യമാണ് പത്രിക തള്ളാന്‍ കാരണം.

ഉടന്‍ തന്നെ വിഷയത്തില്‍ വ്യക്തത വരുത്തണമെന്ന് തേജ് ബഹാദൂറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നിശ്ചയിച്ച ശാലിനി യാദവിനെ മാറ്റിയാണ് തേജ് ബഹദൂറിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്.

ബിഎസ്എഫില്‍ മോശം ഭക്ഷണം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് 2017ല്‍ തേജ് ബഹദൂറിനെ സേനയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സേനയില്‍ നിന്ന് പുറത്താക്കപ്പെട്ട ജവാനെ സ്ഥാനാര്‍ഥിയാക്കി മോദിക്കെതിരായ മല്‍സരവും പ്രചാരണവും കടുപ്പിക്കാനായിരുന്നു എസ്.പി–ബി.എസ്.പി മഹാസഖ്യത്തിന്റെ നീക്കം.