മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തിന് കാരണം വന്‍ സുരക്ഷാ വീഴ്ച; സൈനികർ സഞ്ചരിച്ചത് സ്വകാര്യ വാഹനത്തിൽ

single-img
1 May 2019

മഹാരാഷ്ട്ര ഗച്ച്റോളിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ 15 സൈനികരും ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തിന് കാരണം ഗുരുതര സുരക്ഷാവീഴ്ചയെന്ന് പ്രാഥമിക നിഗമനം. തെരഞ്ഞെടുപ്പിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിലാണ് സഞ്ചരിച്ചതെന്നാണ് വിവരം. എന്നാൽ, ഏത് സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിൽ സഞ്ചരിക്കേണ്ടിവന്നതെന്ന് അറിയില്ലെന്നാണ് റേഞ്ച് ഡിഐജി പ്രതികരിച്ചത്.

ഇന്ന് പുലർച്ചെയും മഹാരാഷ്ട്രയിലെ കുര്‍ഖേഡയില്‍ കരാര്‍ കമ്പനിയുടെ 36 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ കത്തിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇത്തരം ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടും മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളിൽ മതിയായ സുരക്ഷാ ക്രമീരണങ്ങള്‍ ഇല്ലാതെ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിക്കുകയും ആക്രമിക്കപ്പെട്ടതിനും പിന്നില്‍ ഇന്റലിജൻസിന്റെ വീഴ്ചയാണെന്നും അരോപണമുണ്ട്.

മഹാരാഷ്ട്ര സംസ്ഥാന ദിനം ആഘോഷിക്കാനിരിക്കെയാണ് വാഹനങ്ങള്‍ കത്തിച്ചതും സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇതേപോലെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 22ന് 40 മാവോയിസ്റ്റുകളെ വധിച്ചതിന്‍റെ വാര്‍ഷികത്തില്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, മാവോയിസ്റ്റ് ആക്രമണത്തിലേക്ക് നയിച്ചത് ഇന്റലിജൻസ് പിഴവുകളാണെന്ന് കരുതുന്നില്ലെന്നാണ് സംസ്ഥാന പോലീസ് മേധാവി സുബോധ് ജയ്സ്വാൾ പറഞ്ഞത്.