ബാബറി മസ്ജിദ് തകർത്തതിൽ അഭിമാനമുണ്ടെന്ന പരാമർശം; ബിജെപി സ്ഥാനാർത്ഥി പ്രഗ്യ സിംഗിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

single-img
1 May 2019

ബാബറി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞ മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യ സിംഗ് ഠാക്കൂറിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും മൂന്ന് ദിവസത്തേക്കാണ് കമ്മീഷൻ ഇവരെ വിലക്കിയിട്ടുള്ളത്. പ്രഗ്യ സിംഗ് നടത്തിയ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്.

അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്നും അതിൽ പശ്ചാത്തപിക്കുന്നില്ലെന്നുമായിരുന്നു പ്രഗ്യ സിംഗ് ഠാക്കൂറിന്‍ വിവാദമായ പരാമർശം. താൻ എന്തിന് അതിൽ പശ്ചാത്തപിക്കണമെന്നും വാസ്തവത്തിൽ ഞങ്ങൾ അതിൽ അഭിമാനിക്കുകയാണെന്നും പ്രഗ്യ സിംഗ് പറഞ്ഞു. ദേശീയ വാർത്താ ചാനലായ ആജ് തക്കുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ഇവരുടെ വിവാദ പ്രസ്താവന.

“അയോധ്യയിൽ രാമ ക്ഷേത്രത്തിന് ചുറ്റുമായി കുറച്ച് മാലിന്യങ്ങൾ കിടപ്പുണ്ടായിരുന്നു. അവ ഞങ്ങൾ നീക്കം ചെയ്തു. ഈ പ്രവൃത്തി രാജ്യത്തോടുള്ള നമ്മുടെ സ്വാഭിമാനത്തെ ഉണർത്തുന്നു. അയോധ്യയിൽ വലിയ രാമ ക്ഷേത്രം പണിയും. കോൺഗ്രസ് ഈ രാജ്യം 70 വർഷം ഭരിച്ചിട്ടും എന്താണ് ചെയ്തതെന്ന് നോക്കൂ. നമ്മുടെ ക്ഷേത്രങ്ങളൊന്നും സുരക്ഷിതമല്ല. ഇന്ത്യയിൽ അല്ലാതെ പിന്നെവിടെയാണ് രാമ ക്ഷേത്രം പണിയുക” എന്നായിരുന്നു തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് അവർ പിന്നീട് പറഞ്ഞത്.