വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി പിപി സുനീര്‍ ലീഗില്‍ ചേരുമെന്ന് പിവി അന്‍വര്‍; ‘ക്വാറി മുതലാളിമാരില്‍ നിന്ന് സുനീര്‍ പണം പിരിച്ചു; സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രം’

single-img
1 May 2019

വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പിപി സുനീര്‍ അധികം വൈകാതെ ലീഗില്‍ ചേരുമെന്ന് നിലമ്പൂര്‍ എംഎല്‍എയും പൊന്നാനിയിലെ ഇടത് സ്ഥാനാര്‍ത്ഥിയുമായ പിവി അന്‍വര്‍. ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നും സിപിഐ വിട്ട് മുസ്ലീം ലീഗിലെത്തിയ റഹ്മത്തുള്ളയുടെ പാത സുനീറും അടുത്ത് തന്നെ സ്വീകരിക്കുമെന്നും അന്‍വര്‍ ആരോപിച്ചു.

സുനീറിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രമാണെന്നാണ് പി.വി.അന്‍വറിന്റെ ആരോപണം. ക്വാറി മുതലാളിമാരില്‍ നിന്ന് പിപി സുനീര്‍ പണം പിരിച്ച് കോടികളുണ്ടാക്കിയതായും അന്‍വര്‍ പറഞ്ഞു. സുനീറിന്റെ ഈ ഇടപാടുകള്‍ സിപിഐ നേതൃത്വം അന്വേഷിക്കണം.

സുനീറിന്റെ സ്ഥാനര്‍ത്ഥിത്വത്തോട് എതിര്‍പ്പുണ്ടെങ്കിലും വയനാട്ടില്‍ തന്റെ വോട്ട് എല്‍ഡിഎഫിന് തന്നെ ആയിരുന്നെന്നും അന്‍വര്‍ പറഞ്ഞു. സുനീറിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടത് മുന്നേറ്റത്തിന് തടസമായി. അര്യാടനുമായി അദ്ദേഹത്തിന് വ്യക്തിപരമായി ബന്ധമുണ്ട്.

നിലമ്പൂരിലെ സിപിഐ, സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട ഒരു വിഭാഗമാണ്. അത്തരക്കാരാണ് സുനീറിന്റെ അനുയായികള്‍. ജില്ലയിലെ തന്നെ മുതിര്‍ന്ന സിപിഐ നേതാക്കള്‍ക്ക് തന്നെ അവരെ പറ്റി നല്ല അഭിപ്രായമില്ല. മലപ്പുറം ജില്ലയില്‍ തറവാട്ടുകാരായ സിപിഐക്കാരോട് സ്വകാര്യത്തില്‍ ചോദിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം ആരോപിച്ചു.

കമ്യൂണിസ്റ്റുകാരായ സിപിഐക്കാരുടെ സഹായം തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആര്യാടന്റെ അടുക്കളക്കാരായ ആട്ടില്‍ തോലിട്ട ചെന്നായകള്‍ ഉണ്ടായിരുന്നു. അവര്‍ നിലമ്പൂരിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണ്. അത്തരക്കാരെയാണ് പിപി സുനീര്‍ സഹായിക്കുന്നത്. അവരെയാണ് താന്‍ വിര്‍ശിച്ചത്. അല്ലാതെ പൊന്നാനിയിലെ സിപിഐക്കാരെ വിമര്‍ശിച്ചിട്ടില്ലെന്നും അന്‍വര്‍ പറയുന്നു.

പൊന്നാനിയില്‍ പരാജയപ്പെട്ടാല്‍ എംഎല്‍എ സ്ഥാനം രാജിവക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ യു.ഡി.എഫ്, ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. അത്തരം ഒരു സാഹചര്യത്തില്‍ എം.എല്‍.എ സ്ഥാനം രാജിവക്കേണ്ടതില്ലെന്നും അന്‍വര്‍ പറയുന്നു.

അതേസമയം, അന്‍വറിന്റെ വിമര്‍ശനങ്ങള്‍ തുടരുമ്പോഴും സിപിഎം-സിപിഐ സംസ്ഥാന നേതൃത്വങ്ങള്‍ പ്രതികരിക്കാന്‍ തയ്യാറാകാത്തത് ജില്ലയില്‍ ഇടതു മുന്നണിക്കകത്ത് ആശയ കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

കടപ്പാട്: ട്വന്റിഫോര്‍