റമദാൻ മാസത്തിൽ യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു

single-img
1 May 2019

റമദാന്‍ മാസത്തില്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. നിലവിലുള്ള പ്രവൃത്തിസമയത്തില്‍ രണ്ട് മണിക്കൂറിന്റെ ഇളവ് നല്‍കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. യുഎഇ ഉള്‍പ്പെടെ എല്ലാ അറബ് രാജ്യങ്ങളില്‍ മേയ് ആറിനായിരിക്കും റമദാന്‍ വ്രതം ആരംഭിക്കുകയെന്ന്‍ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

യുഎഇയിലെ സ്വകാര്യ മേഖലയിലുള്ള എല്ലാ സ്ഥാപനങ്ങളും കമ്പനികളും റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂര്‍ കുറവ് വരുത്തണമെന്ന് ഔദ്യോഗിക വെബ്സൈറ്റിലെ അറിയിപ്പില്‍ പറയുന്നു. രാജ്യത്തെ തൊഴില്‍ നിയമപ്രകാരം മുസ്ലിംകള്‍ അല്ലാത്തവര്‍ക്കും റമദാനില്‍ ജോലി സമയത്തില്‍ മുഴുവന്‍ ശമ്പളത്തോടുകൂടിയുള്ള ഇളവ് അനുവദിക്കണം. ദുബായിലെ സ്കൂളുകള്‍ക്ക് ബാധകമായ പ്രവൃത്തി സമയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റിയുടെ നിര്‍ദേശപ്രകാരം രാവിലെ എട്ടിനും 8.30നും ഇടയ്ക്ക് സ്കൂള്‍ പ്രവൃത്തിസമയം ആരംഭിക്കും. അതുപോലെ ഉച്ചയ്ക്ക് ഒന്നിനും 1.30നും ഇടയ്ക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇതിനിടയില്‍ ചെറിയ ഇടവേളകള്‍ നല്‍കുകയും വേണം. മാത്രമല്ല, പരമാവധി പ്രവൃത്തി സമയം അഞ്ച് മണിക്കൂറില്‍ കൂടുതലാവാന്‍ പാടില്ല.

വൃതത്തില്‍ നോമ്പെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസുകളില്‍ (പി.ഇ) നിന്നും ശാരീരിക അധ്വാനം ആവശ്യമുള്ള മറ്റ് പ്രവൃത്തികളില്‍ നിന്നും ഇളവ് അനുവദിക്കണം. ഈ ഇളവ് അവരുടെ ഗ്രേഡുകളെയോ പ്രകടനത്തേയോ ബാധിക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷീണമോ നിര്‍ജലീകരണമോ ഉണ്ടാകാതെ സൂക്ഷിക്കണമെന്നും നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റി അറിയിച്ചു.