18-സീറ്റിൽ ജയിക്കുമെന്ന് കോടിയേരി പറയുന്നത് കള്ളവോട്ട് ചെയ്തതുകൊണ്ട്: മുല്ലപ്പള്ളി രാമചന്ദ്രൻ

single-img
1 May 2019

ഇത്തവണ സിപിഎം സംഘടിതമായി കള്ള വോട്ട് ചെയ്തതുകൊണ്ടാണ് 20 ല്‍ 18 സീറ്റ്‌ കിട്ടുമെന്ന് കോടിയേരി ബാലകൃഷ്ണൻ ഉറപ്പിച്ചു പറഞ്ഞതെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കള്ളവോട്ടിന്‍റെ കണക്ക് വച്ച് ഓപ്പറേഷൻ സക്സസ് എന്നാണ് കോടിയേരി പറഞ്ഞത്. പക്ഷെ രോഗി മരിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. 

കേരളത്തില്‍ കള്ളവോട്ട് പുത്തന്‍ അനുഭവമല്ലെന്നും 50 വര്‍ഷമായി കേരളത്തില്‍ കള്ളവോട്ട് നടക്കുന്നുണ്ടെന്നും താന്‍ അതിന്‍റെ ഇരയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗ് കള്ളവോട്ട് ചെയ്തുവെന്ന ആരോപണവും അന്വേഷിക്കണമെന്ന് പറഞ്ഞ മുല്ലപ്പള്ളി തന്‍റെ അനുഭവത്തിൽ ലീഗിന് കള്ളവോട്ട് ചെയ്ത ചരിത്രമില്ലെന്നും അഭിപ്രായപ്പെട്ടു. കേരളത്തിലെ കള്ളവോട്ടിൽ നീതി കിട്ടിയില്ലെങ്കിൽ സുപ്രീംകോടതി വരെ കെപിസിസി പോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഫലം വന്നാൽ ഉടൻ കെപിസിസി അഴിച്ചു പണിയുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.  ജംബോ കമ്മിറ്റി വേണ്ട എന്നാണ് ധാരണ. ഗ്രൂപ്പ്‌ പ്രവർത്തനത്തിൽ ഇപ്പോൾ ആർക്കും താല്പര്യമില്ല. സംഘടനാചുമതല ആർക്ക് എവിടെയൊക്കെ നല്‍കണം എന്നതിനെക്കുറിച്ച് എഐസിസിയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.