”മോദി ഭരണകാലത്ത് ഇന്ത്യയുടെ പൊതുകടം 57% ആയി വര്‍ധിച്ച് 83.40 ലക്ഷം കോടിയായി”

single-img
1 May 2019

മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ കാലത്ത് ഇന്ത്യയുടെ പൊതുകടത്തിൽ 30ലക്ഷം കോടിയുടെ വർധനവുണ്ടായെന്ന് കോൺഗ്രസ്. ധനകാര്യ മന്ത്രാലയത്തിന്റെ രേഖകൾ പുറത്തുവിട്ടു കൊണ്ട് കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജ്ജേവാലയാണ് ആരോപണം ഉന്നയിച്ചത്.

രേഖകൾ പ്രകാരം 30.28ലക്ഷം കോടി രൂപയാണ് മോദി സർക്കാർ എടുത്ത വായ്പ. ഇത്തരത്തിൽ 2014 മാർച്ചിനും 2018 ഡിസംബറിനും ഇടയിൽ ഇന്ത്യയുടെ പൊതുകടം 57% ആയി വർധിച്ച് 83.40 ലക്ഷം കോടിയിലെത്തി. സർക്കാരിന്റെ 57 മാസത്തെ ഭരണത്തിനിടെ (4.75 വർഷം)യുള്ള ഈ വർധനവ് നിലയ്ക്കാത്ത കടക്കെണിയിലേക്കാണ് ഇന്ത്യയെ തള്ളിവിട്ടതെന്നും കോൺഗ്രസ്സ് ആരോപിച്ചു.

70 വർഷത്തിനിടയിൽ മോദി സർക്കാർ ഭരണത്തിലേറുംവരെ രാജ്യത്തിന്റെ പൊതുകടം 53.11 ലക്ഷം കോടിയായിരുന്നു. എന്നാൽ 57 മാസം കൊണ്ട് 30 ലക്ഷം കോടി കൂടി കടമെടുത്ത് കടബാധ്യത 83.40 ലക്ഷെ കോടിയിലെത്തി. ഇന്ത്യയുടെ വിഭവങ്ങൾ വെച്ചാണ് മോദി കടമെടുത്തത്. അങ്ങനെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആകെ തകിടം മറിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം മോദി സർക്കാർ 7.16 ലക്ഷം കോടിയിലധികം തുക വായ്പയെടുത്തുവെന്നും ഇതും കൂടി ചേർത്താൽ നിലവിൽ രാജ്യത്തിന്റെ പൊതുകടം 90.56 ലക്ഷം കോടിയിലധികമായെന്നും കോൺഗ്രസ് ആരോപിക്കുന്നു.