മലപ്പുറത്ത് സ്ത്രീവേഷം ധരിച്ച് വിവാഹ പന്തലില്‍; മോഷ്ടാവെന്നാരോപിച്ച് യുവാവിന് മര്‍ദ്ദനം; കേസെടുത്ത് പൊലീസ്

single-img
1 May 2019

സ്ത്രീ വേഷം ധരിച്ച് വിവാഹപ്പന്തലിലെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം. മലപ്പുറം എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്നാരോപിച്ച് മര്‍ദ്ദിച്ചത്. പെരിന്തല്‍മണ്ണ പൊലീസ് അന്വേഷണം തുടങ്ങി. ഒരു സംഘം ആളുകള്‍ നിര്‍ബന്ധിച്ച് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നെന്നാണ് ഷഫീഖിന്‍റെ വാദം.

ഷഫീഖ് ചുരിദാറിനു മീതെ മഫ്തയണിഞ്ഞു സ്ത്രീകള്‍ക്കിടയിലൂടെ തിരക്കി നടന്നത് സംശയം തോന്നിയ യുവതിയാണു ബന്ധുക്കളെ വിവരമറിയിച്ചത്. ആദ്യം കല്ല്യാണവീട്ടിലെ സ്ത്രീകള്‍ പരിശോധന നടത്തിയതോടെ മഫ്തക്കുള്ളില്‍ പുരുഷനാണന്നു തെളിഞ്ഞു.

പിന്നാലെ ബന്ധുക്കള്‍ ചേര്‍ന്നു വളഞ്ഞുവച്ചു ചോദ്യം ചെയ്തെങ്കിലും പെണ്‍വേഷം കെട്ടി വെറുതെ വന്നുവെന്നായിരുന്നു മറുപടി. ചോദ്യം ചെയ്യലിനിടെ വിവാഹം നടക്കുന്ന പെരിന്തല്‍മണ്ണയിലെ ഹാളിനുള്ളില്‍ വച്ചും റോഡില്‍ വച്ചും യുവാവിനെ പലവട്ടം മര്‍ദിച്ചു. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണു യുവാവിന്റെ ബന്ധുക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 

യുവാവിന് അല്‍പം മാനസികാസ്വസ്ഥ്യം ഉണ്ടെന്നും ഭാര്യയുമായി വേര്‍പിരിഞ്ഞെന്നും ബന്ധുക്കള്‍ പറയുന്നു. വേര്‍പിരിഞ്ഞ ഭാര്യയുടെ  ഉപേക്ഷിക്കാന്‍ കൊണ്ടുപോയ വസ്ത്രങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്നു യുവാവിനെക്കൊണ്ട് അണിയിച്ചെന്നും, വിവാഹസ്ഥലത്തേക്കു കയറ്റി വിട്ടെന്നുമാണു ബന്ധുക്കളുടെ വിശദീകരണം. എന്നാല്‍ യുവാവിന്റെ ബന്ധുക്കള്‍ പറയുന്നത് പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

ഷെഫീഖിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഓഡിറ്റോറിയം ബുക്ക് ചെയ്തവരെ കണ്ടെത്തുകയും ഈ മൊബൈല്‍ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടുകയുമാണ് ലക്ഷ്യം.