ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട സഭാ രക്ഷാ സമിതി; ഇത് ഇന്ത്യന്‍ നയതന്ത്ര വിജയം

single-img
1 May 2019

ഭീകര സംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ സ്ഥാപകൻ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് ഐക്യരാഷ്ട സഭ രക്ഷാ സമിതി. തുടർച്ചയായുള്ള ഇന്ത്യയുടെ ആവശ്യത്തിലാണ് ഇപ്പോൾ ഐക്യരാഷ്ട സഭ രക്ഷാ സമിതിയുടെ അംഗീകാരം ലഭിച്ചത്. ഇന്ത്യയുടെ ആവശ്യത്തെ എപ്പോഴും ശക്തമായി എതിർത്തിരുന്ന ചൈന തങ്ങളുടെ നിലപാടിൽ നിന്നും പിന്നോട്ട് പോയതോടെയാണ് ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയുടെ പ്രഖ്യാപനം.

ഈ പ്രഖ്യാപനത്തെ ലോക രാഷ്ടങ്ങൾക്കിടയിലെ ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് വിലയിരുത്തുന്നത്. കാണ്ഡഹാറിൽ നടന്ന വിമാന റാഞ്ചലിനെ തുടര്‍ന്ന് ബന്ദികളെ മോചിപ്പിക്കുന്നതിനായി ഇന്ത്യ വിട്ടയച്ച മസൂദ് അസ്ഹര്‍ പാകിസ്താനിലെ ബഹവല്‍പൂര്‍ കേന്ദ്രമായി 2000ല്‍ ജയ്ഷ് ഇ മുഹമ്മദ് സ്ഥാപിക്കുകയായിരുന്നു.

2001ലെ ഇന്ത്യൻ പാര്‍ലമെന്റ് ആക്രമണം മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 14ലെ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണം വരെയുള്ള രാജ്യത്തെ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തമാണ് ഇതുവരെ ജയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തിട്ടുള്ളത്.