മലപ്പുറത്ത് പ്രണയം എതിര്‍ത്തപ്പോള്‍ പിതാവ് പീഡിപ്പിച്ചെന്ന് പരാതി നല്‍കി 16കാരി; ഒടുവില്‍ 48കാരന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത് ഒന്നരവര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം

single-img
1 May 2019

മഞ്ചേരി: അച്ഛന്‍ ബലാത്സംഗം ചെയ്തുവെന്ന മകളുടെ പരാതി മൂലം ഒന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞ പിതാവ് കുറ്റം ചെയ്തിട്ടില്ലെന്ന് കണ്ട് മഞ്ചേരി പോക്‌സോ കോടതി വിട്ടയച്ചു. ചങ്ങരംകുളം പോലീസ് ചാര്‍ജ്ജ് ചെയ്ത കേസിലാണ് 48കാരനായ അച്ഛനെ കോടതി മോചിപ്പിച്ചത്.

2016 മാര്‍ച്ച് 18നാണ് പതിനാറുകാരിയായ മകള്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയത്. ജനുവരിയില്‍ അമ്മ വീട്ടിലില്ലാത്ത സമയത്ത് കിടപ്പുമുറിയില്‍ വച്ച് അച്ഛന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ അച്ഛനെ ചങ്ങരം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അച്ഛനെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.

പ്രതിയെ ജാമ്യത്തിലെടുക്കാന്‍ ആരും തയാറാകാത്തതിനെ തുടര്‍ന്നു ഒന്നര വര്‍ഷത്തോളം റിമാന്‍ഡില്‍ കഴിയേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നാണ് അച്ഛന് ജാമ്യം ലഭിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയുമായുള്ള മകളുടെ പ്രണയത്തെ അച്ഛന്‍ എതിര്‍ത്തതിലുള്ള വിരോധമാണ് അച്ഛനെതിരെ പരാതി നല്‍കാന്‍ കാരണമായതെന്നുള്ള പ്രതിഭാഗം വക്കീല്‍ ടി. അബ്ബാസിന്റെ വാദം കോടതി അംഗീകരിച്ചതിലൂടെയാണ് അച്ഛനെ വിട്ടയച്ചത്.

കേസില്‍ പെണ്‍കുട്ടിയുടെ അമ്മ രണ്ടാം സാക്ഷിയായിരുന്നു. പക്ഷെ, അമ്മയെ വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ തയാറായില്ല. എന്നാല്‍ പ്രതിഭാഗം വിസ്തരിച്ചപ്പോള്‍ അമ്മ പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയിരുന്നു.