അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്തു; മകന് ജീവപര്യന്തം തടവ്

single-img
1 May 2019

അറുപതുകാരിയായ അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് വിചാരണ കോടതി ജീവപര്യന്തം തടവുശിക്ഷയും പിഴയും വിധിച്ചു. വഡോദരയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം കെ ചൗഹാനാണ് ശിക്ഷ വിധിച്ചത്. 5000 രൂപയാണ് പിഴത്തുക.

2017 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മെറ്റല്‍ ഫാബ്രിക്കേറ്ററായി ജോലി ചെയ്തു വന്നിരുന്ന പ്രതി മദ്യത്തിന് അടിമയായതോടെ ഭാര്യ ഉപേക്ഷിച്ചു പോയി. 2012ലാണ് ഇയാളുടെ പിതാവ് മരിക്കുന്നത്. തുടര്‍ന്ന് അമ്മയും മകനും ഒരേ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.

ഇതിനിടെ, 2017 ഒക്ടോബര്‍ 16ന് രാത്രി മദ്യപിച്ചെത്തിയ 42കാരകനായ മകന്‍ അമ്മയെ ബലാത്സംഗം ചെയ്യുകയും ശരീര ഭാഗങ്ങളില്‍ ക്രൂരമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. പിറ്റേദിവസം മകളുടെ വീട്ടിലെത്തിയ മാതാവ് നടന്ന സംഭവങ്ങള്‍ പറഞ്ഞു. ഇതിനുശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം നിഷേധിച്ച പ്രതിക്ക് മാതാവിന്റെ ശരീര ഭാഗങ്ങളില്‍ മാരകമായ മുറിവുകളുണ്ടായത് എങ്ങനെ എന്ന ചോദ്യത്തിന് മറുപടി നല്‍കാനായില്ല. ഇതോടെ വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.