കല്ലട ബസിലെ മർദ്ദനം : ഇടപെടുന്നതിൽ വീഴ്ച വരുത്തിയ പൊലീസുകാർക്ക് സ്ഥലം മാറ്റം

single-img
1 May 2019

കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ ഇടപെടുന്നതിൽ വീഴ്ചവരുത്തിയ പൊലീസുകാർക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം.
മരട് എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാരെയാണ് ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റിയത്. സംഭവത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസ് സഹകരിച്ചില്ലെന്നു യാത്രക്കാരനായ അജയഘോഷ് നല്‍കിയ പരാതിയുടെ പേരിലാണ് നടപടി.

എസ്.ഐ ബൈജു മാത്യു, സി.പി.ഒമാരായ സുനില്‍ എം.എസ്, സുനില്‍കുമാര്‍, പൊലീസ് ഡ്രൈവര്‍ ബിനേഷ് എന്നിവരെ ഇടുക്കിയിലേക്കാണ് മാറ്റിയിരിക്കുന്നത്.

വൈറ്റിലയിലെ സുരേഷ് കല്ലട ട്രാവൽസിന്റെ ഓഫീസിന് മുന്നിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. കല്ലട ട്രാവത്സിന്റെ ബസ് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രയ്‌ക്കിടെ ഹരിപ്പാട്ട് എത്തിയപ്പോള്‍ കേടായി. അര്‍ധരാത്രി പെരുവഴിയിലായ യാത്രക്കാര്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടാകുകയും പകരം ബസ് എത്തിച്ച് യാത്ര തുടരുകയും ചെയ്തു. എന്നാല്‍ വൈറ്റിലയിലെ കല്ലടയുടെ ഓഫീസ് എത്തിയപ്പോള്‍ ജീവനക്കാര്‍ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി യുവാക്കളെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ ബലമായി വലിച്ചിഴച്ച് ബസിന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. സംഭവം മൊബൈലില്‍ ഷൂട്ടുചെയ്ത ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന്‍ ഇത് ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് പുറംലോകമറിഞ്ഞത്.

തൃശൂർ സ്വദേശി അജയഘോഷ്, ബത്തേരി സ്വദേശി സച്ചിൻ, പാലക്കാട് സ്വദേശി മുഹുദ് അഷ്‌കർ എന്നിവർക്കാണ് മർദ്ദനമേറ്റത്. അജയഘോഷിന്റെ പരാതിയിലാണ് അറസ്റ്റ്. മൊബൈൽ ഫോണും പണമടങ്ങിയ ബാഗും കവർന്നതായി പരാതിയിൽ പറയുന്നു.

കല്ലട ബസിലെ ജീവനക്കാർ തങ്ങളെ മർദ്ദിച്ചപ്പോൾ ഓടിരക്ഷപ്പെടുന്നതിനിടെ ഒരു എ ടി എമ്മിൽ കയറിനിന്ന് പൊലീസിനെ വിളിച്ചെങ്കിലും അവിടെയെത്തിയ മരട് പൊലീസ് മറ്റൊരു അത്യാവശ്യ കോൾ വന്നിട്ടുണ്ടെന്നും പോയി വരാമെന്നും പറഞ്ഞ് പോകുകയാണുണ്ടായത്. ഈ സമയത്ത് അവിടെയെത്തിയ ഗുണ്ടകൾ ഇവരെ വീണ്ടും തട്ടിക്കൊണ്ടുപോകുകയും ആക്രമിക്കുകയും ചെയ്തതായി പരാതിക്കാർ മൊഴി നൽകിയിരുന്നു.

മാത്രമല്ല, ഇവരെ പിന്നീട് ചികിത്സയ്‌ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് സുരക്ഷയില്ലാതെ
ആട്ടോറിക്ഷയിലാണ് പൊലീസ് അയച്ചത്. അക്രമികൾ പിന്തുടർന്നതോടെ യുവാക്കൾ ആശുപത്രിയിലെത്താതെ സുരക്ഷിത സ്ഥലത്തേക്ക് മാറുകയായിരുന്നു. ഇത്തരം അനാസ്ഥകൾ കണക്കിലെടുത്താണ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമെന്നാണ് റിപ്പോർട്ടുകൾ.