‘താമര വിരിയിക്കാന്‍’ കെ.സുരേന്ദ്രനും സുരേഷ് ഗോപിയും ഡല്‍ഹിയിലേക്ക്

single-img
1 May 2019

പ്രമുഖ നേതാക്കളെ പ്രചാരണത്തിന് ഇറക്കി ഡല്‍ഹിയില്‍ കളംപിടിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന ചലച്ചിത്രതാരം ശത്രുഘ്‌നന്‍ സിന്‍ഹ, ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ രംഗത്തിറക്കാനാണു കോണ്‍ഗ്രസ് തീരുമാനം.

എഎപിയുടെ താരപ്രചാരകന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള സഖ്യകക്ഷി നേതാക്കളും എഎപിക്കു വേണ്ടി രംഗത്തിറങ്ങിയേക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിജെപിക്കു വേണ്ടിയും രംഗത്തിറങ്ങും. കേരളത്തില്‍ നിന്നുള്ള പ്രമുഖ പാര്‍ട്ടി നേതാക്കളും ഡല്‍ഹിയിലേക്ക് തിരിക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തുടങ്ങിയവരാണ് ഈ മാസം നാല് മുതല്‍ ഏഴ് വരെ പ്രചാരണം നടത്തുന്നത്.

ബി.ജെ.പി സൗത്ത് ഇന്ത്യന്‍ സെല്‍ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തില്‍ നാലിന് ഏഴ് മണിക്ക് സുരേന്ദ്രന്‍ സംസാരിക്കും. ദില്‍ഷാദ് ഗാര്‍ഡനില്‍ അഞ്ചിന് രാവിലെ 9.30ന് നടക്കുന്ന യോഗത്തിലും കെ. സുരേന്ദ്രന്‍ പ്രസംഗിക്കും. മെഹ്രോളിയില്‍ അഞ്ചിന് വൈകിട്ട് ആറിന് കെ. സുരേന്ദ്രനും വി. മുരളീധരന്‍ എംപിയും പ്രസംഗിക്കും.

വികാസ്പുരിയില്‍ അഞ്ചിന് രാവിലെ 10, ഹസ്താല്‍ 11, വൈകിട്ട് ആറിന് ഗോള്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണു യഥാക്രമം ശോഭാ സുരേന്ദ്രന്റെ പ്രചാരണം. ആര്‍.കെ. പുരത്ത് ആറിന് വൈകിട്ട് ഏഴ് മണിക്ക് സുരേഷ് ഗോപി എം.പി പങ്കെടുക്കുന്ന യോഗം നടക്കും. തുഗ്ലക്കാബാദിലും 7നു വൈകിട്ട് 7.30നു സുരേഷ് ഗോപി പ്രസംഗിക്കും.

മേയ് 12നാണു ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് എന്നതിനാല്‍ വരും ദിവസങ്ങളില്‍ തീപാറുന്ന പ്രചാരണത്തിനാവും ഡല്‍ഹിയില്‍ അരങ്ങൊരുങ്ങുക.