ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കേരള ഹൗസിനെ മലയാളിക്ക് അന്തസ്സോടെ കയറിച്ചെല്ലാവുന്ന ഇടമാക്കൂ: സുപ്രീം കോടതി അഭിഭാഷകയുടെ കുറിപ്പ്

single-img
1 May 2019

ഡൽഹിയിലെ കേരളാ ഹൌസ് മലയാളികളെ അപമാനിച്ചിറക്കിവിടുന്ന സ്ഥലമാണെന്നും
മലയാളി വിരോധം തങ്ങളുടെ അജണ്ടയാക്കിയവരാണ് അതിന്റെ നടത്തിപ്പുകാരെന്നും മലയാളിയാ‍യ സുപ്രീം കോടതി അഭിഭാഷകയുടെ കുറിപ്പ്. ആകാശവാണിയിലെ ന്യൂസ് റീഡർ ആയിരുന്ന ഗോപൻ നായരുടെ മൃതദേഹം കേരളാ ഹൌസിൽ പൊതുദർശനത്തിനു വെയ്ക്കാൻ അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് അഭിഭാഷകയായ രശ്മിത രാമചന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയത്.

കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറും കാൻറീൻ നടത്തിപ്പുകാരനായ വർഗീസും ഗേറ്റിലെ സെക്യൂരിറ്റിയുമൊക്കെ മാസശമ്പളം വാങ്ങുന്നതു തന്നെ മലയാളിയെ ‘ആവുംവിധം അപമാനിക്കാനാണെന്നു തോന്നുമെന്നാണ് രശ്മിത ആരോപിക്കുന്നത്.

“ വകതിരിവുള്ള ഒരു കമ്മീഷണറെ കിട്ടാഞ്ഞിട്ടാണോ ഇപ്പോഴത്തെ ആളെ നിയമിച്ചതെന്നറിയില്ല. നേരത്തെ കേരള ഹൗസിൽ മലയാളി സാംസ്കാരിക സംഘടനകൾക്കു പരിപാടി നടത്താനുണ്ടായിരുന്ന അനുവാദം ഇന്നില്ല. എന്തു ലോജിക്കാണ് ഇതിനു പിന്നിലെന്നും അറിയില്ല. മലയാളികൾ കേറി നിരങ്ങേണ്ട സ്ഥലമല്ലിത് എന്നാണ് കമ്മീഷണറദ്ദേഹത്തിന്റെ നിലപാട്. ഇതു മാറ്റാൻ കേരള സർക്കാർ സത്വരമായി നടപടി എടുക്കണം. അല്ലെങ്കിൽ മരിച്ച മലയാളിയെപ്പോലും ഈ കമ്മീഷണർ അപമാനിച്ചു കൊണ്ടേ ഇരിക്കും. ”
രശ്മിത തന്റെ കുറിപ്പിൽ പറയുന്നു.

കേരള ഹൗസിനെ മലയാളിക്ക് അന്തസ്സോടെ കയറിച്ചെല്ലാവുന്ന ഇടമാക്ക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

രശ്മിതയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

കേരള ഹൗസ് അഥവാ മലയാളിയെ അപമാനിച്ചിറക്കി വിടുന്ന ഇടം.

അറിയപ്പെടുന്ന മലയാളി സാംസ്കാരിക പ്രവർത്തകന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്നതിന് അനുമതി നിഷേധിച്ചതോടു കൂടി ദില്ലിയിലെ കേരള ഹൗസ് ഒരിക്കൽ കൂടെ മലയാളി വിരോധം തങ്ങളുടെ അജണ്ടയാണെന്ന് തെളിയിച്ചിരിക്കുകയാണ്. കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറും കാൻറീനിലെ വർഗീസും ഗേറ്റിലെ തടിയൻ സെക്യൂരിറ്റിയുമൊക്കെ മാസശമ്പളം വാങ്ങുന്നതു തന്നെ മലയാളിയെ ‘ആവുംവിധം അപമാനിക്കാനാണെന്നു തോന്നും.

a. ഗേറ്റിലെ തടിയൻ സെക്യൂരിറ്റിയും പിന്നാമ്പുറത്തു കൂടെ കാന്റിനി ലേക്കുള്ള പ്രവേശനവും: 
അടുത്ത കാലം വരെ ആളുകൾക്ക് മെയ്ൻ ഗേയ്ററിലൂടെ പ്രവേശിച്ച് കേരള ഹൗസിന്റെ പൊതു കാന്റീനിൽ എത്താൻ സാധിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കേരള ഹൗസിന്റെ ലൊക്കേഷൻ കഷ്ടപ്പെട്ടു തേടിപ്പിടിച്ചെത്തുന്നവരെ കിലോമീറ്റർ നടത്തി ചുറ്റിച്ച് പിന്നിലത്തെ ഇടവഴിയിലൂടെ മാത്രം പ്രവേശിക്കാനായി ഒരു തടിയൻ സെക്യൂരിറ്റി കൈലാസത്തിന്റെ ദ്വാരപാലകനെപ്പോലെ നിൽപ്പുണ്ട്. കഷ്ടിച്ച് പത്ത് മീറ്റർ നടന്നെ ത്തേണ്ട ദൂരത്തിനാണ് ഈ ദ്രോഹി ഉച്ചവെയിലിൽ കിലോമീറ്ററുകൾ നടത്തുന്നത്. എന്നാൽ ഇയാൾ ചില പ്രമുഖരുടെ വണ്ടി കാണുമ്പോൾ സല്യൂട്ടടിച്ചു തുറന്നു കൊടുക്കുന്നതും കാണാം.

b.വർഗ്ഗീസ് എന്ന “വേണ്ടപ്പെട്ടപ്പെട്ടവരുടെ അന്നപൂർണ്ണേശ്വരൻ “:
കേരള ഹൗസിൽ പൊതുകാന്റീൻ കൂടാതെ വളരെ ഉയർന്ന നിലവാരം പുലർത്തുന്ന ശീതീകരിച്ച മറ്റൊരു കാൻറീൻ കൂടെയുണ്ട്. രാവിലെ പത്തു മണിക്കു മുമ്പ് ഫോണിൽ ബുക്ക് ചെയ്ത് ഇവിടെ നിന്ന് ഉച്ചഭക്ഷണം കഴിക്കാമെന്നാണ് പറയാറ്. യാതൊരു ബുക്കിംഗുമില്ലാതെ അവിടെ സ്ഥിരം ഊണു കാരായ പത്രക്കാരും പറ്റു പലരുമുണ്ട്. പത്രപ്രവർത്തകനായി തുടങ്ങി വക്കീലായി മാറിയ എന്റെ ചങ്ങാതി വഴി ബുക്കു ചെയ്ത് ഇവിടെ നിന്നും ഞാൻ ഭക്ഷണം കഴിച്ചിട്ടുണ്ട്. രണ്ടു കാന്റീനുകളിലെയും ഭക്ഷണം തമ്മിൽ അജഗജാന്തരം ഉണ്ട്. എന്നാൽ പ്രമുഖർ വഴി ബുക്കു ചെയ്താൽ മാത്രമെ ഒരു സാധാരണ മലയാളിക്ക് ഇവിടെ നിന്ന് ഭക്ഷണം കിട്ടൂ. കൂട്ടുകാരി രാജി ജോസഫാണ് രാവിലെ ബുക്കു ചെയ്താൽ കേരള ഹൗസിൽ നല്ല ഊണു കിട്ടുന്ന സംവിധാനത്തെ ക്കുറിച്ചു പറഞ്ഞത്. ബുക്കു ചെയ്യാൻ വിളിച്ചപ്പോൾ ഫോൺ എടുത്ത വർഗ്ഗീസ് എന്ന “ശരിക്കും മുതലാളി” യുടെ ധിക്കാരപരമായ പറച്ചിൽ, “ഇന്നു തരാം, പക്ഷേ ഇനി ചോദിക്കരുത് ” എന്ന്. ” നിങ്ങളോട് ഔദാര്യമല്ല ചോദിച്ചത്, കൃത്യമായി പണം തന്നു കൊണ്ട് അവിടെ ഉണ്ണുന്ന മറ്റു പലരേയും പോലെ ഊണു കഴിക്കാനുള്ള ബുക്കിംഗ് ആണ്, ഇനി ചോദിക്കരുത് എന്നൊക്കെ താങ്കളുടെ വീട്ടിൽ വന്നു ധർമ്മക്കഞ്ഞി ചോദിക്കുമ്പോൾ പറഞ്ഞാൽ മതി” എന്നു പറഞ്ഞ് അന്ന് ഫോൺ വച്ചു. അന്നും പിന്നീടും ഇന്നും വർഗ്ഗീസിന്റെ സിൽബന്ധികൾ ബുക്കിംഗ് ഇല്ലാതെ കേരള ഹൗസിന്റെ എലീറ്റ് കാന്റിനിൽ ഭക്ഷണം കഴിക്കുന്നു.

C. ഗോസായ് കമ്മീഷണറും മലയാളി വിരോധവും:
വകതിരിവുള്ള ഒരു കമ്മീഷണറെ കിട്ടാഞ്ഞിട്ടാണോ ഇപ്പോഴത്തെ ആളെ നിയമിച്ചതെന്നറിയില്ല. നേരത്തെ കേരള ഹൗസിൽ മലയാളി സാംസ്കാരിക സംഘടനകൾക്കു പരിപാടി നടത്താനുണ്ടായിരുന്ന അനുവാദം ഇന്നില്ല. എന്തു ലോജിക്കാണ് ഇതിനു പിന്നിലെന്നും അറിയില്ല. മലയാളികൾ കേറി നിരങ്ങേണ്ട സ്ഥലമല്ലിത് എന്നാണ് കമ്മീഷണറദ്ദേഹത്തിന്റെ നിലപാട്. ഇതു മാറ്റാൻ കേരള സർക്കാർ സത്വരമായി നടപടി എടുക്കണം. അല്ലെങ്കിൽ മരിച്ച മലയാളിയെപ്പോലും ഈ കമ്മീഷണർ അപമാനിച്ചു കൊണ്ടേ ഇരിക്കും.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കേരള ഹൗസിനെ മലയാളിക്ക് അന്തസ്സോടെ കയറിച്ചെല്ലാവുന്ന ഇടമാക്കൂ.

കേരള ഹൗസ് അഥവാ മലയാളിയെ അപമാനിച്ചിറക്കി വിടുന്ന ഇടം.അറിയപ്പെടുന്ന മലയാളി സാംസ്കാരിക പ്രവർത്തകന്റെ മൃതദേഹം…

Posted by Resmitha Ramachandran on Tuesday, April 30, 2019