അമ്മയെ അച്ഛന്‍ തല്ലി; പരാതി പറയാന്‍ എട്ടുവയസുകാരന്‍ ഒന്നരകിലോമീറ്റര്‍ ഓടി പോലീസ് സ്‌റ്റേഷനിലെത്തി

single-img
1 May 2019

ഉത്തര്‍പ്രദേശിലെ സാന്ത് കബീര്‍നഗറിലെ മുഷ്താഖ് എന്ന എട്ടുവയസ്സുകാരനാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ താരം. അച്ഛന്റെ മര്‍ദ്ദനത്തില്‍നിന്ന് അമ്മയെ രക്ഷിക്കാനായി ഒന്നരകീലോമീറ്റര്‍ ദൂരം ഓടി പോലീസ് സ്‌റ്റേഷനിലെത്തി വിവരമറിയിച്ചതോടെയാണ് മുഷ്താഖ് എന്ന ബാലന്‍ സാമൂഹികമാധ്യമങ്ങളിലെ ഹീറോ ആയത്.

പലപ്പോഴും അമ്മയെ ക്രൂരമായി അച്ഛന്‍ മര്‍ദിക്കുന്നതിന് ഈ കുഞ്ഞ് സാക്ഷിയായിട്ടുണ്ട്. ഇത് തുടര്‍ന്നതോടെയാണ് മുഷ്താഖ് എന്ന എട്ടു വയസുകാരന്‍ നിലവിളിച്ച് കൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് ഓടിയത്. ഒന്നര കിലോമീറ്ററോളം ദൂരം ഓടിക്കിതച്ചെത്തി അവന്‍ പൊലീസുകാരോട് കാര്യം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വീട്ടിലെത്തി അച്ഛനെ അറസ്റ്റ് ചെയ്തു.

യു പി പൊലീസിലെ സീനിയര്‍ ഓഫീസറായ രാഹുല്‍ ശ്രീവാസ്തവയാണ് കുട്ടിയുടെ പടമടക്കം ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചെറിയൊരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനും പൊലീസില്‍ അവ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്നുമുള്ള വലിയ പാഠം ഇവന്‍ പഠിപ്പിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.