യാക്കോബായ സഭാധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ രാജിവെച്ചു

single-img
1 May 2019

യാക്കോബായ സഭാദ്ധ്യക്ഷന്‍ തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി പദവി രാജി വെച്ചു. യാക്കോബായ സഭയുടെ മാനേജിംഗ് കമ്മിറ്റിയോഗം നാളെ ചേരാനിരിക്കേയാണ് രാജി പ്രഖ്യാപനം. സഭയിലെ ആഭ്യന്തരപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ശ്രേഷ്ഠ ബാവ രാജിക്കത്ത് നല്‍കിയത്. മെത്രാപ്പൊലീത്ത ട്രസ്റ്റി പദവിയില്‍നിന്നുള്ള രാജി പാത്രിയര്‍ക്കീസ് ബാവ അംഗീകരിച്ചു.

അതേസമയം, തോമസ് പ്രഥമന്‍ ബാവാ കാതോലിക്കാ പദവിയില്‍ തുടരും. സഭാഭരണത്തിനു മൂന്നു മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ട്. എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സമിതി അംഗങ്ങള്‍.

ഈ മാസം 24ന് പാത്രീയാര്‍ക്കിസ് ബാവ കേരളം സന്ദര്‍ശിക്കാനിരിക്കേയാണ് കാതോലിക്കാ ബാവ രാജി പ്രഖ്യാപനം അറിയിക്കുന്നത്. സ്ഥാനത്യാഗത്തിനു തയാറെന്ന് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ നേരത്തെ തന്നെ പാത്രിയര്‍ക്കീസിനെ അറിയിച്ചിരുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തയായി തുടരാമെന്നും പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് അയച്ച കത്തില്‍ ശ്രേഷ്ഠ ബാവാ വ്യക്തമാക്കി.

”വേദനയുണ്ടാക്കുന്ന വിഭാഗീയത സഭയില്‍ പിടിമുറുക്കിയിരിക്കുന്നു. ഐക്യത്തിനും സമാധാനത്തിനും ഹാനികരമാണത്. നിയമപരമായ കടമ്പകളിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ അത്തരം വിള്ളലുകള്‍ സമുദായത്തെ ദുര്‍ബലമാക്കും. അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും അതിജീവിച്ച് വൈദികരും അല്‍മായരും സഭയെ സേവിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു, പ്രാര്‍ഥിക്കുന്നു.

ഇക്കാരണങ്ങളെല്ലാം പരിഗണിച്ച് കാതോലിക്കാ ബാവാ പദവിയില്‍ നിന്നു വിരമിക്കാനും മെട്രൊപ്പൊലീറ്റന്‍ ട്രസ്റ്റി എന്ന നിലയ്ക്കുള്ള ചുമതലകള്‍ ഒഴിയാനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ കൈവന്ന സ്വത്തുക്കളും വസ്തുക്കളും സ്ഥാപനങ്ങളും അതത് ഔദ്യോഗിക ഘടകങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. സ്ഥാനമൊഴിയുമ്പോള്‍ സഭയ്ക്ക് സാമ്പത്തിക ബാധ്യതകളൊന്നും ശേഷിക്കുന്നില്ലെന്നതും അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. സഭയുടെ ഓഡിറ്റ് ചെയ്ത് കണക്കുകള്‍ അസോസിയേഷനു സമര്‍പ്പിച്ചിട്ടുണ്ട്”.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി സഭാ നേതൃത്വത്തിലെ ചിലര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനായി സാമൂഹിക മാധ്യമങ്ങളിലൂടെ ചില കത്തുകള്‍ പ്രചരിപ്പിക്കുന്നതായും ശ്രേഷ്ഠ ബാവാ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈദിക ട്രസ്റ്റി സ്ലീബ പോള്‍ വട്ടവേലില്‍ കോറെപ്പിസ്‌കോപ്പ, ട്രസ്റ്റി സി.കെ. ഷാജി ചുണ്ടയില്‍ എന്നിവര്‍ ഏപ്രില്‍ 26നു പുറത്തുവിട്ട കത്തുതന്നെ അതിനു തെളിവാണ്. അങ്ങേയറ്റം പ്രതികാരേച്ഛയില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുദ്ദേശിച്ചള്ള കത്ത് തീവ്രമായ വേദനയുളവാക്കുന്നതായും ശ്രേഷ്ഠ ബാവാ പറയുന്നു.