സാങ്കൽപ്പിക ജീവിയായ ‘യതി’യുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് ഇന്ത്യൻ ആർമി

single-img
30 April 2019

സാങ്കൽപ്പിക ജീവിയായ യതിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇന്ത്യൻ ആർമി. നേപ്പാളിലെ മക്കാലു കൊടുമുടിയുടെ ബേസ് ക്യാമ്പിൽ കണ്ടെത്തിയ കാൽപ്പാടുകളുടെ ചിത്രമടക്കമാണ് കരസേനയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കരസേനയുടെ പർവ്വതാരോഹക സംഘം ഈ മാസം 9-നു കണ്ടെത്തിയ കാൽപ്പാടുകളുടെ ചിത്രമാണ് ട്വിറ്ററിൽ പങ്കു വെച്ചിരിക്കുന്നത്. ഈ കാൽപ്പാടുകൾക്ക് 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുമുണ്ടെന്ന് കരസേന അവകാശപ്പെടുന്നു. യതി എന്ന സാങ്കൽപ്പിക മഞ്ഞുമനുഷ്യനെ ഇതിനു മുൻപ് പലരും മക്കാലു-ബരുൺ നാഷണൽ പാർക്കിൽ കണ്ടെത്തിയിട്ടുണ്ടെന്നും ട്വീറ്റിൽ പരാമർശമുണ്ട്.

നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ പ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവിയാണ് യതി. യതിയുടെ നിലനിൽപ്പ് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.അതിനാൽ ഇത് ഒരു സങ്കല്പ്പം മാത്രമായാണ്‌ ശാസ്ത്രലോകം കണക്കാക്കുന്നത്.

ഷെർപ്പകളുടെയും ഹിമാലയത്തിലെ മറ്റു ഗോത്രജനവിഭാഗങ്ങൾക്കിടയിലും യതിയെപ്പറ്റി പല കഥകളും തലമുറകളായി കൈമാറി വരുന്നുണ്ട്. ബീഭത്സരൂപിയായ മഞ്ഞുമനുഷ്യനാണ്‌ യതി എന്നും ഹിമക്കരടിയാണ്‌ യതി എന്നും വിശ്വാസങ്ങളുണ്ട്. ഹിമാലയ പർവതത്തിൽ പര്യവേഷണത്തിലിരുന്ന ബ്രിട്ടീഷുകാരിലൂടെയാണ്‌ യതിയെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിനു മുൻപിലെത്തുന്നത്. 1997-ൽ ഇറ്റാലിയൻപർവ്വതാരോഹകനായ റെയ്‌നോൾഡ് മെസ്സ്നർ യതിയെ നേരിൽ കണ്ടതായി അവകാശപ്പെടുന്നു.

മഞ്ഞിൽ കാണപ്പെട്ട കാൽപ്പാടുകൾ സ്നോബോർഡോ സ്കേറ്ററോ ഉപയോഗിച്ച് ആരെങ്കിലും നടന്നതിന്റെയാകാമെന്നും കരസേന ഇത്തരം അശാസ്ത്രീയമായ കാര്യങ്ങൾ സ്ഥിരീകരിക്കാതെ പ്രചരിപ്പിക്കരുതെന്നും ട്വിറ്ററിൽ വിമർശനമുയരുന്നുമുണ്ട്.