ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഇടിയുന്നു; വിശ്വാസങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നു: അന്താരാഷ്ട്ര റിപ്പോർട്ട്

single-img
30 April 2019

മതസ്വാതന്ത്ര്യം രാജ്യത്ത് അപകടകരമാം വിധം കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. വിശ്വാസങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രവണത മുന്‍പെങ്ങുമില്ലാത്തവിധം കൂടിയിട്ടുണ്ടെന്നും യുഎസ് കമ്മീഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

മതപരമായ വേര്‍തിരിവുകള്‍ ബോധപൂര്‍വവും സൗകര്യപൂര്‍വവും രാഷ്ട്രീയ-സാമൂഹിക ലാഭങ്ങള്‍ക്കായി ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പലതിനോടും വിയോജിക്കാനുള്ള ആളുകളുടെ അടിസ്ഥാന അവകാശങ്ങളെ പോലും പരിഗണിക്കാതെയാണ്  സര്‍ക്കാര്‍ തീരുമാനങ്ങള്‍ ഈ വിഷയങ്ങളില്‍ കൈക്കൊള്ളുന്നതെന്നും ഇന്ത്യയുടെ പേര് എടുത്ത് പറയാതെയുള്ള വിമര്‍ശനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ പകുതിയിലേറെ സംസ്ഥാനങ്ങള്‍ ഗോവധ നിരോധനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇത് അഹിന്ദുക്കളുടെയും ദളിതരുടെയും അഭിപ്രായം പരിഗണിക്കാതെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. തീവ്ര ഹിന്ദു  പക്ഷ നിലപാടുകളുടെ സാന്നിധ്യം ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

നിര്‍ബന്ധിത മത പരിവര്‍ത്തനമെന്ന പേരിലോ, ബീഫ് കൈവശം വച്ചുവെന്ന ആരോപിതനായ ആള്‍ക്ക് നേരെയോ ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പൊലീസ് തികച്ചും നിര്‍വികാരപരമായ സമീപനമാണ് കൈക്കൊള്ളുന്നതെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സര്‍വ്വേയ്ക്കും മറ്റ് വിവരങ്ങള്‍ക്കുമായി ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ സന്ദര്‍ശിക്കുന്നതിനും മറ്റ് കാര്യങ്ങള്‍ക്കുമുള്ള അനുമതി ഇന്ത്യന്‍ സര്‍ക്കാര്‍ നിരന്തരം നിഷേധിച്ചുവെന്നും റിപ്പോർട്ടിലൂടെ ചൂണ്ടിക്കാണിക്കുന്നു.