കള്ളവോട്ട് സ്വന്തമായി കണ്ടെത്തിയതല്ല, വസ്തുത പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തത്; കോടിയേരിക്ക് ടിക്കാറാം മീണയുടെ മറുപടി

single-img
30 April 2019

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പക്ഷപാതമില്ലാതെയാണ് തൻ്റെ പ്രവര്‍ത്തനമെന്നും കള്ളവോട്ടിലെ നടപടി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

പിലാത്തറയിലെ ബൂത്തിൽ നടന്ന കള്ളവോട്ട് ഗൗരവതരമാണെന്നും കള്ളവോട്ട് താൻ സ്വന്തമായി കണ്ടെത്തിയതല്ല. വസ്തുത പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തത്. പഞ്ചായത്തംഗമായ എം പി സലീനക്കെതിരെ നടപടി സ്വീകരിക്കണമോയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുന്നത്. അവരെ അയോഗ്യയാക്കാൻ ശുപാര്‍ശ ചെയ്തത് ജനാധിപത്യപരമായ നടപടിയാണ്. അതിൽ തെറ്റില്ല’ മീണ പറഞ്ഞു.

കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നുവെന്നത് യു.ഡി.എഫിന്റെ പ്രചരണ തന്ത്രമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അതിന്റെ ഭാഗമായെന്നുമായിരുന്നു കോടിയേരി ആരോപിചത്. സ്വാഭാവികമായി ലഭിക്കേണ്ട നീതി നിഷേധിച്ചുകൊണ്ട് മൂന്നുപേരെ കുറ്റക്കാരായി വിധിയെഴുതുകയാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ചെയ്തതെന്നും അത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ടുന്ന നടപടിക്രമങ്ങളൊന്നും അദ്ദേഹം പാലിച്ചതായി കാണുന്നില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.

എന്തടിസ്ഥാനത്തിലാണ് പഞ്ചായത് അംഗം കുറ്റം ചെയ്‌തെന്ന നിഗമനത്തിൽ എത്തിയതെന്നും കോടിയേരി ചോദിക്കുകയുണ്ടായി.