പ്രജ്ഞാ ഠാക്കൂറിനു ശേഷം ഹേമന്ത് കർക്കറെയെ അപമാനിച്ച് ബിജെപി നേതാവ് സുമിത്രാ മഹാ‍ജൻ രംഗത്ത്

single-img
30 April 2019

മുംബൈ ഭീകരാക്രമണത്തിനിടെ ഭീകരവാദികളുടെ വെടിയേറ്റ് രക്തസാക്ഷിയായ മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറെയെ അപമാനിച്ച് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍. കർക്കറെ മികച്ച ഉദ്യോഗസ്ഥനായിരുന്നില്ലെന്ന് സുമിത്രാ മഹാജന്‍ പറഞ്ഞു.

“കർക്കറെയെക്കുറിച്ച് രണ്ട് നിരീക്ഷണങ്ങളുണ്ട്. ഡ്യൂട്ടിയ്ക്കിടയിൽ കൊല്ലപ്പെട്ടതുകൊണ്ട് അദ്ദേഹം രക്തസാക്ഷിയാണ്. പക്ഷേ ഒരു പൊലീസുദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഭാഗം ശരിയല്ലായിരുന്നു. അതു ശരിയല്ലായിരുന്നു എന്നുതന്നെ ഞങ്ങൾ പറയും.” സുമിത്ര മഹാജൻ പറഞ്ഞു.

കര്‍ക്കറെ കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗിന്‍റെ സുഹൃത്തായിരുന്നു. ദിഗ്‍വിജയ് സിംഗിന് വേണ്ടിയാണ് കര്‍ക്കറെ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രതിയാക്കിയതെന്നും സുമിത്രാ മഹാജന്‍ പറഞ്ഞു. 

അതേസമയം രാജ്യം അശോക ചക്ര നൽകി ആദരിച്ച ഹേമന്ത് കർക്കറെയുടെ സുഹൃത്ത് എന്ന് പറയുന്നതിൽ അഭിമാനമുണ്ടെന്ന് ദിഗ് വിജയ് സിംഗ് പ്രതികരിച്ചു. ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ദിഗ്‍വിജയ് സിംഗ്. 

മലേഗാവ് സ്ഫോടനക്കേസ് പ്രതിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ നേരത്തേ ഹേമന്ത് കര്‍ക്കറയെ അപമാനിച്ച് രംഗത്തെത്തിയിരുന്നു. ഹേമന്ത് കര്‍ക്കറയെ താന്‍ ശപിച്ചിരുന്നെന്നാണ് പ്രജ്ഞാ സിംഗ് ഠാക്കൂര്‍ പറഞ്ഞത്.