പെരുമാറ്റച്ചട്ട ലംഘനം: മോദിയ്ക്കും അമിത് ഷായ്ക്കുമെതിരായ ഹർജ്ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

single-img
30 April 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിൽ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കോൺഗ്രസ് സമർപ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

ഇന്നലെ കോണ്‍ഗ്രസ് എംപിയും മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയുമായ സുസ്മിതാ ദേവ് സമർപ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുക. ഹർജി പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയ കോടതി ഇന്ന് വാദം കേള്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പരാതിക്കാരിക്കാരിക്കായി ഹാജരായ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്വി മോദിയുടേയും അമിത് ഷായുടേയും പേരുകള്‍ എന്തുകൊണ്ട് വ്യക്തമായി പരാമര്‍ശിക്കുന്നില്ല എന്ന് ഇന്നലെ ഹർജ്ജി പരിഗണിക്കുന്നതിനിടയിൽ ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.

അതിനിടെ മോദിയ്ക്കും അമിത് ഷായ്ക്കുമെതിരായ പരാതികൾ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രത്യേക യോഗം ചേരും. രാഹുല്‍ ഗാന്ധിക്കെതിരായ പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നുണ്ട്.

നരേന്ദ്ര മോദിയും അമിത്ഷായും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനെതിരായാണ് പരാതികൾ. മതവിദ്വേഷ പ്രസംഗം നടത്തിയെന്നും രാഷ്ട്രീയ പ്രചാരണത്തിനായി സൈന്യത്തെ ഉപയോഗിച്ചു എന്നും പരാതിയില്‍ പറയുന്നു.

ഹിന്ദുവിനെ അപമാനിച്ച കോണ്‍ഗ്രസിന് മാപ്പ് കൊടുക്കുന്നതെങ്ങനെയെന്നായിരുന്നു ഏപ്രില്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ വര്‍ധയില്‍ പ്രസംഗിച്ചത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. ‘മോദിജി കി സേന’ എന്നാണ് ഇന്ത്യന്‍ ആര്‍മിയെ ഒരു തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ അമിത് ഷാ വിശേഷിപ്പിച്ചത്. മോദി ആറ് തവണയും അമിത് ഷാ രണ്ട് തവണയും തിരഞ്ഞടുപ്പ് റാലികളിലെ പ്രസംഗങ്ങളില്‍ പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി കോണ്‍ഗ്രസ് ആരോപിക്കുന്നു.