മുസ്ലീം ലീഗുകാർ വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന ആരോപണം: ടീക്കാറാം മീണ റിപ്പോർട്ട് തേടി

single-img
30 April 2019

കാസർകോട് ഉദുമ മണ്ഡലത്തിൽ വിദേശത്തുള്ളവരുടെ കള്ളവോട്ട് വ്യാപകമായി മുസ്ലീം ലീഗ് രേഖപ്പെടുത്തിയെന്ന സിപിഎം പരാതിയിൽ റിപ്പോർട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കണ്ണൂർ കാസർകോട് ജില്ലാ കളക്ടർമാരോടാണ് റിപ്പോർട്ട് തേടിയത്. ആരോപണത്തെക്കുറിച്ച് യുഡിഎഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരുന്ന കള്ളവോട്ട് ആരോപണങ്ങളില്‍ അടിയന്തര അന്വേഷണം നടത്താന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകും. ആരോപണം തെളിഞ്ഞാല്‍ കള്ളവോട്ട് ചെയ്ത ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്നാണ് വിവരം.

ബൂത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടാകും. കള്ളവോട്ട് ആരോപണത്തില്‍ മുസ്ലീം ലീഗും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് അറിയിച്ചതാണ് ഇക്കാര്യം.

യുഡിഎഫിന്‍റെ ശക്തി കേന്ദ്രമായ ഉദുമയിൽ തെരഞ്ഞെടുപ്പ് ദിവസം വിദേശത്തായിരുന്നവരുടെ പേരിൽ മുസ്ലീം ലീഗുകാർ വ്യാപകമായി കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് സിപിഎം ആരോപണം. ഉദുമ നിയോജക മണ്ഡലത്തിലെ 126-ാം ബൂത്തിലെ 313-ാം വോട്ടർ അബൂബക്കർ സിദ്ദീഖ്, 315ാ-ാം വോട്ടർ ഉമ്മർ ഫാറൂഖ്, 1091-ാം വോട്ടർ ഫവാദ്, 1100-ാം വോട്ടർ സുഹൈൽ, 1168-ാം വോട്ടർ ഇംതിയാസ് എന്നിവർ നിലവിൽ വിദേശത്താണുള്ളത്. 

എന്നാൽ വോട്ടെടുപ്പ് ദിവസം നാട്ടിൽ ഇല്ലാത്ത ഇവരുടെ പേരിൽ യുഡിഎഫ് കള്ളവോട്ട് രേഖപ്പെടുത്തിയെന്നാണ് സിപിഎം ആരോപണം. 125-ാം ബൂത്തിൽ വോട്ടർ പട്ടികയിൽ നിന്നും തള്ളിയ രണ്ട് പേരുടെ പേരിൽ വോട്ട് രേഖപ്പെടുത്തിയതായും പരാതിയുണ്ട്.

കാസർകോട് കള്ളവോട്ട് ആരോപണം തെളിഞ്ഞാല്‍ ബൂത്തുകളില്‍ റീ പോളീങ് ഉണ്ടായേക്കും. മണ്ഡലത്തില്‍ റീ പോളിങ് വേണമെന്ന ആവശ്യത്തിലും പരിശോധനയുണ്ടാകും. അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ്.