ബ്രിട്ടീഷ് പൌരനെന്ന് ആരോപണം: രാഹുൽ ഗാന്ധിയ്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

single-img
30 April 2019
രാഹുൽ ഗാന്ധി പൌരത്വം

ബ്രിട്ടീഷ് പൌരത്വമുണ്ടെന്ന ആരോപണത്തിന്മേൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതി പരിഗണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിനു രാഹുൽ പതിനഞ്ചു ദിവസത്തിനുള്ളിൽ മറുപടി നൽകണം.

2003-ൽ യുകെയിൽ രജിസ്റ്റർ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് (
51 Southgate Street, Winchester, Hampshire SO23 9EH ) എന്ന കമ്പനിയുടെ ഡയക്ടർമാരിൽ ഒരാളായി രാഹുൽ ഗാന്ധിയുടെ പേരുണ്ടായിരുന്നെന്നും അതിലെ രേഖകൾ പ്രകാരം അദ്ദേഹം ബ്രിട്ടീഷ് പൌരനാണെന്നുമാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. ഇതിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ആഭ്യന്തരമന്ത്രാലയത്തിലെ പൌരത്വ വിഭാഗം ഡയറക്ടർ ബിസി ജോഷി രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് അയച്ചത്.

2004-ലെ ലോകസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിക്കവേ, തന്റെ സ്വത്തുക്കളുടെ കൂട്ടത്തിൽ ഈ കമ്പനിയുടെ കാര്യവും രാഹുൽ ഗാന്ധി പരാമർശിച്ചിരുന്നു. പിന്നീട് 2009-ൽ ഈ കമ്പനി പൂട്ടിയെങ്കിലും 2015-ൽ സുബ്രഹ്മണ്യൻ സ്വാമി ഈ വിഷയം ഉയർത്തിക്കൊണ്ടുവരികയായിരുന്നു. ഇരട്ട പൌരത്വം ഇന്ത്യയിൽ അനുവദനീയമല്ലെന്നും അതിനാൽ രാഹുൽ ഗാന്ധിയുടെ പൌരത്വം റദ്ദാക്കണമെന്നുമാണ് സ്വാമിയുടെ ആവശ്യം.

തെരെഞ്ഞെടുപ്പിലെ പരാജയം ഭയന്ന അമിത് ഷായും മോദിയും കൂടി ആവിഷ്കരിച്ച പുതിയ തന്ത്രത്തിന്റെ ഭാഗമാണ് ഈ നോട്ടീസ് എന്നാണ് കോൺഗ്രസ് വക്താവ് സഞ്ജയ് ഝാ ഇതിനോട് പ്രതികരിച്ചത്.