പുതുവത്സരത്തിന് കേരളത്തിൽ ആക്രമണം നടത്താൻ ഐഎസ് പദ്ധതിയിട്ടിരുന്നു; റിയാസിൻ്റെ വെളിപ്പെടുത്തൽ

single-img
30 April 2019

കേരളത്തില്‍ പുതുവത്സര ദിനത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ. എന്‍ഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. വിദേശികള്‍ കൂടുതലായി ഒത്തുകൂടുന്ന ഇടങ്ങളില്‍ സ്‌ഫോടനം നടത്തുവാനായിരുന്നു പദ്ധതി.

അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നാണ് ആക്രമണത്തിനുള്ള നിര്‍ദേശം വന്നത്. കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ ലക്ഷ്യം വെച്ചുവെങ്കിലും ഒപ്പമുള്ളവര്‍ പിന്തുണ നല്‍കിയില്ലെന്ന്‌ റിയാസ് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നും ഐഎസിലേക്ക് ചേര്‍ന്നവരാണ് കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ നിര്‍ദേശം നല്‍കിയതെന്നും റിയാസ് പറഞ്ഞു.

ആക്രമണം നടത്തുന്നതിന് വേണ്ട സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുവാന്‍ ഇവര്‍ തന്നോട് നിര്‍ദേശിച്ചുവെന്നും ഇത് തന്റെ ഒപ്പമുള്ളവരോട് പറഞ്ഞപ്പോള്‍ പിന്തുണ ലഭിച്ചില്ലെങ്കിലും ആക്രമണം നടത്തുന്നതിന് വേണ്ട ഒരുക്കങ്ങള്‍ താന്‍ നടത്തിയിരുന്നതായും റിയാസ് എന്‍ഐഎയ്ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.