ഭരണപക്ഷ എംഎൽഎമാരെ അയോഗ്യരാക്കാന്‍ ഒരുങ്ങി സ്പീക്കര്‍; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഡിഎംകെ; തമിഴ്നാട്ടില്‍ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ • ഇ വാർത്ത | evartha
Breaking News, National

ഭരണപക്ഷ എംഎൽഎമാരെ അയോഗ്യരാക്കാന്‍ ഒരുങ്ങി സ്പീക്കര്‍; സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഡിഎംകെ; തമിഴ്നാട്ടില്‍ നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍

ചെന്നൈ: തമിഴ്നാട്ടിൽ അരങ്ങേറുന്നത് നാടകീയ രാഷ്ട്രീയ നീക്കങ്ങൾ. ഭരണപക്ഷത്തുള്ള മൂന്ന് എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങിയതിന് പിന്നാലെ സ്പീക്കർ പി. ധൻപാലിന് എതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഡിഎംകെ രംഗത്തെത്തി. എംഎല്‍എമാരായ പ്രഭു, രത്നസഭാപതി, കലൈസെൽവൻ എന്നീ എംഎൽഎമാര്‍ക്കെതിരെ സ്പീക്കർ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഡിഎംകെയുടെ നടപടി.

നിയമസഭയില്‍ സ്പീക്കർക്ക് എതിരെ അവിശ്വാസ പ്രമേയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നിയമസഭാ സെക്രട്ടറിയെ കണ്ടു. തെരഞ്ഞെടുപ്പിലെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ ചീഫ് വിപ്പ് സ്പീകർക്ക് നേരത്തെ കത്ത് നൽകിയിരുന്നു. നിലവില്‍ ഭരണപക്ഷ എംഎൽഎമാര്‍ ടി ടി വി ദിനകരനോട് അനുഭാവം പുലർത്തുന്നുവെന്നാണ് ആരോപണം.

ഇതിനു മുന്‍പ് എടപ്പാടി പളനിസ്വാമിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയ 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ഈ എംഎല്‍എമാരെ സ്പീക്കര്‍ യോഗ്യരാക്കിയാല്‍ തമിഴ്നാട്ടില്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങും.