പോണ്ടിച്ചേരി സര്‍ക്കാരിൻ്റെ ആഭ്യന്തര കാര്യങ്ങളില്‍ കിരണ്‍ ബേദി ഇടപെടരുതെന്ന് കോടതി

single-img
30 April 2019

പോണ്ടിച്ചേരി സര്‍ക്കാരിൻ്റെ ആഭ്യന്തര കാര്യങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കാരിനോട് ദൈനംദിന കാര്യങ്ങളിലെ റിപ്പോര്‍ട്ട് വാങ്ങാന്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദ് ചെയ്തു.

ഗവര്‍ണര്‍ സര്‍ക്കാരിന്റെ ആഭ്യന്തര  കാര്യങ്ങളില്‍ ഇടപെടുന്നതിന് എതിരെ പുതുച്ചേരി മുഖ്യമനന്ത്രി വി നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ രാജ് നിവാസിന് മുന്നില്‍ സമരം നടത്തിയിരുന്നു.   കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി നാരായണന്റെ പരാതിയിന്‍മേലാണ് നടപടി.

കിരണ്‍ ബേദി ഭരണഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പോണ്ടിച്ചേരി സര്‍ക്കാരിന്റെ ആരോപണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഫയലുകള്‍ ഗവര്‍ണര്‍ തടഞ്ഞുവയ്ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കോണ്‍ഗ്രസ്-ഡിഎംകെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.