കുഞ്ഞിനെ കൊലപ്പെടുത്തിയത് രാത്രിയിൽ ഉറങ്ങാൻ തടസ്സമായതുകൊണ്ടാണെന്നു മാതാവിൻ്റെ വെളിപ്പെടുത്തൽ

single-img
30 April 2019

ഒന്നേകാൽ വയസ്സുകാരിയെ കൊലപ്പെടുത്തിയത് സ്വൈരജ‍ീവിതത്തിനു തടസ്സമായതിനാലാണെന്ന് അമ്മയുടെ മൊഴി. കുഞ്ഞ് രാത്രി ഉണരുമ്പോൾ ആതിരയുടെ ഉറക്കം നഷ്ടമാകുന്നത‍ുൾപ്പെടെ സ്വൈരജീവിതത്തിനു തടസ്സമാണെന്ന വിശ്വാസത്തിൽ കുഞ്ഞിനോടു ദേഷ്യം വച്ചുപുലർത്തി പതിവായി ഉപദ്രവിക്കുമായിരുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണു കൊന്നതെന്നും അമ്മ ആതിര പൊലീസ‍ിനു മൊഴി നൽകി.

എന്നാൽ കുഞ്ഞിനു മുലപ്പാൽ നൽകാറുണ്ടെന്ന ആതിരയുടെ വാക്കുകൾ പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. ഇന്നലെ വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ആതിരയെ റിമാൻഡ് ചെയ്തു. ആവശ്യമെങ്കിൽ പിന്നീടു കസ്റ്റഡിയിൽ വാങ്ങുമെന്നു പൊലീസ് അറിയിച്ചു.

കഴിഞ്ഞ ശനി ഉച്ചയ്ക്കാണ് പട്ടണക്കാട് പഞ്ചായത്ത് 8–ാം വാർഡ് കൊല്ലംവെളി കോളനിയിൽ ഷാരോൺ–ആതിര ദമ്പതികളുടെ 15 മാസം പ്രായമുള്ള മകൾ ആദിഷയെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ദിവസം ഉറക്കാൻ കിടത്തിയെങ്കിലും കുഞ്ഞ് ഉറങ്ങാതെ കരഞ്ഞതിനാൽ കുഞ്ഞിനെ അടിച്ചെന്ന് ആതിര മൊഴി നൽകി. വീണ്ടും കരഞ്ഞ കുഞ്ഞിന്റെ വായും മൂക്കും വലതുകൈ കൊണ്ടു പൊത്തിപ്പിടിച്ചതോടെ കുഞ്ഞിൻ്റെ മരണം സംഭവിക്കുകയായിരുന്നു.

ഇടതു കൈകൊണ്ട് കുഞ്ഞിന്റെ കൈകൾ അമർത്തിപ്പിടിച്ചു. കുഞ്ഞ് കാലിട്ടടിച്ചപ്പോഴും പിടിവിട്ടില്ല. കുഞ്ഞിന്റെ ചലനം നിലച്ച ശേഷമാണ് മുറിക്കു പുറത്തേക്കിറങ്ങിയത്. കൊല്ലുകയെന്ന ലക്ഷ്യം തന്നെയാണ് ആതിരയ്ക്ക് ഉണ്ടായിരുന്നതെന്നും മരണം ഉറപ്പിച്ച ശേഷമാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതെന്നുമാണു പൊലീസിന്റെ വിലയിരുത്തൽ.