മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തും കള്ളവോട്ട്

single-img
29 April 2019

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളുമായി യുഡിഎഫ്. ധര്‍മ്മടത്തെ 52ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്. സിപിഐ പ്രാദേശിക നേതാവിന്റെ വിദേശത്തുള്ള മകന്റെ വോട്ട് സിപിഎം പ്രവര്‍ത്തകന്‍ കള്ളവോട്ടായി ചെയ്തുവെന്നാണ് ആരോപണം.

ഇത് തിരിച്ചറിഞ്ഞ യുഡിഎഫ് ബൂത്ത് ഏജന്റുമാര്‍ പ്രതിഷേധിച്ചെങ്കിലും പ്രിസൈഡിങ് ഓഫീസര്‍ കള്ളവോട്ടിന് അനുമതി നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. മുഹമ്മദ് ഷാഫി എന്നയാളുടെ വോട്ടും ഇതേ സിപിഎം പ്രവര്‍ത്തകന്‍ ചെയ്തതായും ആരോപണമുണ്ട്.

അതേസമയം കാസര്‍കോട് ഉദുമയില്‍ മുസ്ലീം ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ ബൂത്ത് പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രിസൈഡിങ് ഓഫീസറെയടക്കം ഭീഷണിപ്പെടുത്തിയാണ് ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ നാട്ടിലില്ലാത്തവരുടെ വോട്ടുകള്‍ രേഖപ്പെടുത്തിയത്. മുസ്ലീം ലീഗ് നേതാവ് സിദ്ദിഖ് പ്രിസൈഡിങ് ഓഫീസറോട് കയര്‍ത്തു സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

അതിനിടെ, കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്തെത്തി. നൂറോളം ബൂത്തുകളിലാണ് യുഡിഎഫ് റീ പോളിങ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റീപോളിനായുള്ള യുഡിഎഫിന്റെ ആവശ്യം.

കാസര്‍കോട് മണ്ഡലത്തില്‍ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം വോട്ടിങ് നടന്നത്. അതില്‍ 100 ബൂത്തുകളില്‍ റീപോളിങ് വേണമെന്നാണ് യുഡിഎഫ് ആവശ്യമുന്നയിക്കുന്നത്. തൃക്കരിപ്പുര്‍, കല്യാശ്ശേരി, പയ്യന്നൂര്‍, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെചില ബൂത്തുകളിലാണ് റീപോളിങ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

റീപോളിങ് നടക്കുന്ന ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും പോളിങ് ഉദ്യോഗസ്ഥരായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ ജില്ലാ കളക്ടറെ കാണും.

കാസര്‍കോട് മണ്ഡലത്തിലുള്‍പ്പെടുന്ന പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതിനെ കുറിച്ച് ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കള്ളവോട്ട് നടന്നുവെന്ന് വെബ് ക്യാമറയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കളക്ടറെ അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.

റിപ്പോര്‍ട്ട് ഇന്നുതന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനു കൈമാറുമെന്നാണ് സൂചന. വിഷയത്തിലെ തുടര്‍നടപടികള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിക്കും.