ദേശീയതയിലൂന്നി പ്രചാരണം കൊഴുപ്പിക്കുന്ന പ്രധാനമന്ത്രിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ച് മഹാസഖ്യം; തേജ് ബഹാദൂര്‍ യാദവ് വാരണാസിയില്‍ മോദിക്കെതിരെ സ്ഥാനാര്‍ത്ഥി

single-img
29 April 2019

ബിഎസ്എഫ് ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം വിളമ്പിയതിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ട തേജ് ബഹാദൂര്‍ യാദവ് വാരണസിയില്‍ നരേന്ദ്രമോദിക്കെതിരെ എസ്പിബി-എസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാകും. എസ്പി സ്ഥാനാര്‍ഥി ശാലിനി യാദവിനെ മാറ്റിയാണ് പാര്‍ട്ടി പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

ദേശീയതയിലൂന്നി പ്രചാരണം കൊഴുപ്പിക്കുന്ന പ്രധാനമന്ത്രിക്കെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എസ്പി ബിഎസ്പി സഖ്യം തേജ് ബഹദൂര്‍ യാദവിനെ രംഗത്തിറക്കുന്നത്. വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് തേജ് ബഹാദൂര്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് നിന്ന് അഴിമതി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിക്കെതിരെ ജനവിധി തേടാന്‍ ഒരുങ്ങുന്നതെന്നാണ് അന്ന് തേജ് ബഹാദൂര്‍ പറഞ്ഞത്. മെയ് 19 നാണ് വാരണസിയിലെ തെരഞ്ഞെടുപ്പ്.

ബിഎസ്എഫ് കോണ്‍സ്റ്റബിളായിരിക്കെയാണ് തേജ് ബഹാദൂര്‍ ജവാന്‍മാര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നതിനെതിരെ രംഗത്തെത്തിയത്. സഹപ്രവര്‍ത്തകര്‍ക്ക് മോശം ഭക്ഷണം വിളമ്പുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത തേജ് ബഹാദൂറിനെ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സര്‍വ്വീസില്‍ നിന്ന് പരിച്ചിവിടുകയായിരുന്നു. 2017 ലാണ് ഏറെ വിവാദമായ സംഭവമുണ്ടായത്.